ഭോജ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അത്രൗളി പ്രദേശത്തെ റബ്ബർ റോൾ നിർമാണ യൂണിറ്റിലാണ് ബോയിലർ പൊട്ടിത്തെറിച്ചത്
ഗാസിയാബാദിൽ റോളർ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഭോജ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അത്രൗളി പ്രദേശത്തെ റബ്ബർ റോൾ നിർമാണ യൂണിറ്റിലാണ് ബോയിലർ പൊട്ടിത്തെറിച്ചത്. ഭോജ്പൂർ ഗ്രാമത്തിലെ മുകിംപൂർ നിവാസിയായ യോഗേന്ദ്ര കുമാർ (48), മോദിനഗർ കൃഷ്ണ നഗർ നിവാസിയായ അനുജ് സിംഗ് (27), ഗ്രേറ്റർ നോയിഡയിലെ ജെവാർ നിവാസിയായ അവദേശ് കുമാർ (21) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ALSO READ: കനയ്യ കുമാറിൻ്റെ സന്ദർശനം; ക്ഷേത്രം ഗംഗാ ജലം കൊണ്ട് കഴുകി പ്രദേശവാസികൾ
പുലർച്ചെ 5.30ഓടെയാണ് ഫാക്ടറിയിൽ അപകടമുണ്ടായത്. ജോലി ചെയ്യുമ്പോൾ തൊഴിലാളികൾ സ്വീകരിച്ച മുൻകരുതലുകൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ജോലി സ്ഥലത്തെ സുരക്ഷാ മുൻകരുതലുകളെ പറ്റി ജോലിക്കാരോട് ചോദിച്ചപ്പോൾ ബോയിലർ മെഷീൻ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന ആശങ്ക തൊഴിലാളികൾ പങ്കുവച്ചു.