ആരംഭിക്കുന്നത് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് തന്നെയാണെന്നും നിലവിൽ പരീക്ഷണടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നുമാണ് ഉടമയുടെ പക്ഷം
കണ്ണൂർ മലപ്പട്ടത്ത് ജലശുദ്ധീകരണ പ്ലാൻ്റെന്ന് തെറ്റിദ്ധരിപ്പിച്ച് സെപ്റ്റിക് ടാങ്ക് മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. യാതൊരുവിധ അനുമതിയും വാങ്ങാതെയാണ് സ്വകാര്യ വ്യക്തി പ്ലാന്റ് നടത്തുന്നതെന്ന് മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. പഞ്ചായത്തുമായി ബന്ധപ്പെട്ടവരോട് സംസാരിച്ച ശേഷമാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതെന്നാണ് ഉടമയുടെ പക്ഷം.
മലപ്പട്ടം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിനോട് ചേർന്ന പഴയ ചെങ്കൽ ക്വാറിയിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. നിർമാണപ്രവൃത്തി തുടങ്ങിയ സമയത്ത് വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻ്റ് തുടങ്ങുകയാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്.
കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. പ്ലാന്റിലേക്ക് അർധരാത്രിക്ക് ശേഷം വാഹനങ്ങൾ എത്തുന്നതിലെ ദുരൂഹതയാണ് നാട്ടുകാർക്ക് സംശയം തോന്നാൻ കാരണമായത്. വാഹനം പോകുമ്പോൾ ദുർഗന്ധം വന്നതോടെ പ്ലാൻ്റിൽ പരിശോധന നടത്തി. നാട്ടുകാർ പ്ലാന്റ് പരിസരത്ത് എത്തിയപ്പോൾ സെപ്റ്റിക് ടാങ്ക് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് കണ്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന സെപ്റ്റിക് ടാങ്ക് മാലിന്യമാണ് പ്ലാൻ്റിലെത്തിക്കുന്നതെന്ന് വ്യക്തമായതോടെ പഞ്ചായത്തിന് പരാതി നൽകി.
ALSO READ: പുലിപ്പേടിയിൽ കാസർഗോഡ് ഇരിയണ്ണി; ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ
സ്‌കൂളിന് പുറമേ പാൻ്റിന് ചുറ്റും വീടുകളുമുണ്ട്. പ്ലാന്റ് പ്രവർത്തിക്കുന്ന സ്ഥലത്തിന് താഴെ മിനറൽ വാട്ടർ നിർമ്മാണ യൂണിറ്റും ഉണ്ട്. ഇതിനോട് ചേർന്ന് ഇരിക്കൂർ പുഴയും ഒഴുകുന്നു. ഒരു മാനദണ്ഡവും ഇല്ലാതെ പ്ലാന്റ് പ്രവർത്തിക്കുന്നത് ഗുരുതര പരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
എന്നാൽ ആരംഭിക്കുന്നത് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് തന്നെയാണെന്നും നിലവിൽ പരീക്ഷണടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഉടമ കണ്ണൂർ സ്വദേശി ബിജു പറയുന്നു. പഞ്ചായത്ത് അധികൃതരോട് കാര്യം സംസാരിച്ചെന്നും ശുചിത്വ മിഷന്റെ അനുമതി മാത്രമാണ് വേണ്ടതെന്നും ബിജു പറഞ്ഞു. എന്നാൽ ബിജുവിന്റെ വാദം പൂർണ്ണമായി തള്ളുകയാണ് മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി. വാക്കാൽ പോലും അനുമതി നൽകിയിട്ടില്ലെന്നും ശുചിത്വ മിഷന് മുന്നിലും ഈ കാര്യം എത്തിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ALSO READ: കോലഞ്ചേരിയിൽ ട്രാവലർ മറിഞ്ഞ് അപകടം; 12 യാത്രക്കാർക്ക് പരിക്ക്
മലപ്പട്ടം പഞ്ചായത്തിലെ ഹോട്ടലുകളിലെ ഉൾപ്പെടെ മലിനജലം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോഗിക്കാനാണ് പദ്ധതിയെന്നാണ് ഉടമയുടെ വാദം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. പദ്ധതിക്ക് അനുമതി നൽകില്ലെന്ന് പ്രദേശവാസികൾക്ക് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.