ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്
ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 കുട്ടികൾ ഉൾപ്പെടെ 492 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 1600ലേറെ പേർക്ക് പരുക്കേറ്റു. 24 മണിക്കൂറിനിടെ ലബനനിലുടനീളം 1300 ഇടങ്ങളിലെങ്കിലും ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം പറഞ്ഞു.
READ MORE: ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; മരണം 270 കടന്നു, 1000ലേറെ പേർക്ക് പരുക്ക്
തെക്കൻ ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഒക്ടോബർ ഏഴിന് ഇസ്രയേൽ–ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം മേഖലയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. നിരവധി ഹിസ്ബുള്ള കേന്ദ്രങ്ങളിലായി ഡസൻ കണക്കിന് ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
READ MORE: ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തിന് പേജർ ആക്രമണവുമായി സാമ്യം: ഇറാൻ എം പി
വടക്കൻ ഇസ്രയേലിലുടനീളം 150ഓളം വ്യോമാക്രമണങ്ങള്‍ ഹിസ്ബുള്ളയും നടത്തി. ഇതോടെ സ്കൂളുകള്‍ അടച്ചും ഒത്തുചേരലുകള്‍ വിലക്കിയുമാണ് ഇസ്രയേല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സെപ്റ്റംബർ 20ന് ലബനനിലെ ബെയ്റൂട്ടിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മുതിർന്ന ഹിസ്ബുള്ള കമാന്‍ഡർ ഇബ്രാഹിം അഖ്വിലിന്‍റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കവെ ഇസ്രയേലുമായുള്ള യുദ്ധം അടുത്ത ഘട്ടത്തിലെത്തിയെന്നും ഇനി തുറന്ന യുദ്ധമായിരിക്കുമെന്നും ഹിസ്ബുള്ള ഡെപ്യൂട്ടി ചീഫ് നൈം ഖാസിം പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് ലോകം കണ്ട വിചിത്രമായ പേജർ ആക്രമണങ്ങളും വോക്കി ടോക്കി ആക്രമണങ്ങളും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ നടന്നത്.