പീനട്ടിൻ്റെ ദയാവധത്തിൻ്റെ ഉത്തരവാദിത്തം കമലാ ഹാരിസിനാണെന്നും ട്രംപ് അനുകൂലികൾ ആരോപിക്കുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ആരാധകവൃന്ദമുള്ള 'പീനട്ട്' എന്ന കുഞ്ഞനണ്ണാനെ ദയാവധത്തിന് വിധേയമാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഓഫ് എൻവയേൺമെൻ്റൽ കൺസർവേഷനും, ചെമുങ് കൗണ്ടി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്തും ചേർന്നാണ് പീനട്ടിൻ്റെ ദയാവധത്തിന് അംഗീകാരം നൽകിയത്.
മാർക്ക് ലോംഗോ എന്ന കണ്ടൻ്റ് ക്രിയേറ്റർ ഏഴു വർഷം മുൻപാണ് കുഞ്ഞായിരുന്ന പീനട്ടിനെ എടുത്തുവളർത്തിയത്. പീനട്ടിൻ്റെ അമ്മ ന്യൂയോർക്കിൽ വെച്ച് ഒരു കാറിനടിയിൽ പെട്ട് ചത്തതോടെയാണ് , അനാഥനായ പീനട്ടിനെ മാർക്ക് ലോംഗോയ്ക്ക് ലഭിക്കുന്നത്. ലോംഗോയോടൊപ്പം ചേർന്നതോടെ, ഫാഷൻ ഉടുപ്പുകളും, തൊപ്പിയുമൊക്കെയണിഞ്ഞ് ചാടിയും ഓടിയും കുറുമ്പ് കാട്ടിയും പീനട്ട് ഒരു സ്റ്റാറായി മാറിയത്. സമൂഹ മാധ്യമങ്ങളിൽ ഇവൻ്റെ വീഡിയോകൾ പങ്കുവെച്ചതോടെ, ഈ കുഞ്ഞന് വലിയ പിന്തുണയും ലഭിച്ചുതുടങ്ങി. പീനട്ടിനെ പോലെ മൂന്നൂറിലേറെ മൃഗങ്ങളെയാണ് ലോംഗോയും ഭാര്യ ഡാനിയേലും ചേർന്ന് സംരക്ഷിക്കുന്നത്.
പീനട്ടിനെ ദയാവധത്തിന് വിധേയമാക്കിയതെന്തിന്?
എന്നാൽ ഉടമയായ ലോംഗോ നിയമവിരുദ്ധമായാണ് പീനട്ടിനെ കൈവശം വെച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി, ന്യൂയോർക്ക് ഹെൽത്ത് ഡിപ്പാർട്ടുമെന്‍റും പരിസ്ഥിതി വകുപ്പും ചേർന്ന് അണ്ണാനെ ഏറ്റെടുക്കാൻ തീരുമാനിച്ചു. വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഒരാളെ പീനട്ട് കടിച്ചതും പ്രശ്നം വഷളാക്കി. അണ്ണാന് പേവിഷ ബാധയുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് ദയാവധം നടത്തുകയായിരുന്നു. പീനട്ടിനൊപ്പം ലോംഗിന്‍റെ മറ്റൊരു അരുമയായ ഫ്രെഡ് എന്ന റാക്കൂണിനെയും അധികൃതര്‍ പേവിഷബാധ ആരോപിച്ച് ദയാവധം ചെയ്തു.
സംഭവത്തെ തുടർന്ന് ലോംഗോ തൻ്റെ വേദനയും രോഷവും സോഷ്യൽ മീഡിയയിൽ പ്രകടിപ്പിച്ചു. അധികാരികളോട് ഇത് റിപ്പോർട്ട് ചെയ്തവരെ എക്സ് പോസ്റ്റിൽ വിമർശിച്ചു. ഈ വ്യക്തികൾ സ്വാർഥരാണെന്നും, ഏഴ് വർഷമായി തൻ്റെ ഉറ്റമിത്രമായിരുന്ന അണ്ണാനെയാണ് കൊന്നുകളഞ്ഞതെന്നും അദ്ദേഹം പോസ്റ്റിൽ ആരോപിച്ചു.
പീനട്ടിൻ്റെ ദയാവധത്തിന് പിന്നിൽ കമല ഹാരിസ്?
പീനട്ടിൻ്റെ ദയാവധത്തെ തുടർന്ന് വലിയ രോഷമാണ് ജനങ്ങൾക്കിടയിൽ ഉയർന്നുവരുന്നത്. പീനട്ടിൻ്റെ വധം നീതി നിഷേധമാണെന്നും, പീനട്ടിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ക്യാംപെയിനും ആരാധകർ നടത്തിവരുന്നുണ്ട്.
എന്നാൽ, യുഎസ് തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പീനട്ട് അണ്ണാൻ്റെ ദയാവധം പ്രസിഡൻ്റ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് അനുയായികൾ എതിർസ്ഥാനാർഥിയും വൈസ് പ്രസിഡൻ്റുമായ കമല ഹാരിസിനെതിരായ പുതിയ പ്രചരണ ആയുധമായാണ് ഉപയോഗിക്കുന്നത്. പീനട്ടിൻ്റെ ദയാവധത്തിൻ്റെ ഉത്തരവാദിത്തം കമലാ ഹാരിസിനാണെന്നും ട്രംപ് അനുകൂലികൾ ആരോപിക്കുന്നു.
ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയാൽ യുഎസിലെ മുഴുവൻ അണ്ണാൻ കുഞ്ഞുങ്ങളെയും സംരക്ഷിക്കുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക് കമല ഹാരിസിനെ വിമർശിച്ച് എക്സിൽ പോസ്റ്റ് പങ്കുവെച്ചു. മോഷ്ടാക്കളേയും മയക്കുമരുന്ന് ഇടപാടുകാരെയും അറസ്റ്റ് ചെയ്യുന്നതിനേക്കാൾ, ഡെമോക്രാറ്റുകൾ അണ്ണാൻമാരെ കൊല്ലുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വിമർശിച്ചു. എന്തുകൊണ്ടാണ് ഡെമോക്രാറ്റിക് പാർട്ടി ഇത്ര ക്രൂരത കാണിക്കുന്നതെന്നും മസ്ക് ചോദിച്ചു.
കൺസർവേറ്റീവ് പാർട്ടി അനുയായിയായ സിനിമാ സംവിധായകൻ റോബി സ്റ്റാർബക്ക് പീനട്ടിനെ കൊലയിൽ പ്രതിഷേധമറിയിച്ചു. "കമലയുടെ പാർട്ടി ഈ ആഴ്ച പീനട്ട് എന്ന് പേരുള്ള ഒരു വളർത്തുമൃഗത്തെ വധിച്ചു. കാരണം അവർ ഭ്രാന്തന്മാരാണ്. പീനട്ടിന് വേണ്ടി ട്രംപിന് വോട്ട് ചെയ്യുക," സംവിധായകൻ എക്സിൽ കുറിച്ചു. ട്രംപിൻ്റെ തോളിൽ പീനട്ട് ഇരിക്കുന്ന എഐ ജനറേറ്റഡ് ചിത്രവും റോബി സ്റ്റാർബക്ക് പങ്കുവെച്ചു.