വ്യാഴാഴ്ച വരെയാണ് എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവയ്ക്കാൻ എൻസിപി സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്ന സമയമെന്നാണ് സൂചന
എൻസിപിയിലെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സമവായമില്ല. മന്ത്രി എ.കെ. ശശീന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണ തുടരുമെന്ന് അറിയിച്ചു. ഇതിൻ്റെ പിൻബലത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് എ.കെ. ശശീന്ദ്രൻ. രാജി വെക്കില്ലെന്ന കാര്യം പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മന്ത്രിസ്ഥാനം രാജിവയ്ക്കാൻ എ.കെ. ശശീന്ദ്രന് എൻസിപി സംസ്ഥാന നേതൃത്വം വ്യാഴാഴ്ച വരെയാണ് സമയം നൽകിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ശരദ് പവാറിനെ കണ്ട എൻസിപി എംഎൽഎ തോമസ് കെ. തോമസ്, കൂടിക്കാഴ്ചയിലെ തൻ്റെ അതൃപ്തി അറിയിച്ചിരുന്നു. ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് നിൽക്കാതെ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് തോമസ് കെ. തോമസ്. മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വിഷയത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തോമസ് കെ. തോമസ്. എന്‍സിപിയിലെ മന്ത്രിമാറ്റം സംബന്ധിച്ച് ശരദ് പവാര്‍ നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാനായിരുന്നു മറുപടി ലഭിച്ചത്. അതേസമയം മന്ത്രി സ്ഥാനം രാജിവെക്കാന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എ.കെ. ശശീന്ദ്രന്റെ പക്ഷം.