ഇടതുപക്ഷ എംഎൽഎയിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള നീക്കങ്ങളല്ല അൻവറിൻ്റേതെന്നും എ. വിജയരാഘവൻ പറയുന്നു
മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരായി എംഎൽഎ പി.വി. അൻവർ നടത്തിയ ആരോപണങ്ങളെ തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ഇടതുപക്ഷ എംഎൽഎയിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള നീക്കങ്ങളല്ല അൻവറിൽ നിന്നുമുണ്ടാകുന്നത്. എംഎൽഎയുടെ പ്രസ്താവനകളെ പാർട്ടി ചർച്ച ചെയ്യുമെന്നും പിന്നാലെ തീരുമാനമെടുക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
പാർട്ടിയിൽ പ്രശ്നങ്ങൾ കണ്ടാൽ സർക്കാരിൻ്റെയും പാർട്ടിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണ് സാധാരണഗതിയിൽ ഒരു ഇടതുപക്ഷമുന്നണിയിലെ അംഗം ചെയ്യുക. സർക്കാർ ഈ പരാതി പരിശോധിക്കുകയും ചട്ടങ്ങളനുസരിച്ച് നടപടിയെടുക്കകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള തെറ്റിനെ പിന്താങ്ങുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന പതിവ് കേരളത്തിലെ ഇടതുപക്ഷത്തിനില്ലെന്നും വിജയരാഘവൻ പറയുന്നു.
ALSO READ: "കണ്ടത് പിതാവിൻ്റെ സ്ഥാനത്തായിരുന്നു, മുഖ്യമന്ത്രി ചതിച്ചു!"
അൻവറിൻ്റെ ആരോപണങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നതും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ളതുമായിരുന്നെന്ന് വിജയരാഘവൻ അഭിപ്രായപ്പെട്ടു. ഈ നിലപാടിൽ നിന്ന് മാറണമെന്ന് പാർട്ടി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ പാർട്ടി നിർദേശങ്ങളെ തള്ളി കൊണ്ടുള്ള അൻവറിൻ്റെ നിലപാട് പാർട്ടി പരിശോധിക്കുമെന്ന് നേതാവ് കൂട്ടിചേർത്തു.
മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി. അൻവർ എംഎൽഎ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിനാല്‍ തന്നെ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അര്‍ഹതയില്ലെന്നും അൻവർ പറഞ്ഞു. പാര്‍ട്ടി സഖാക്കള്‍ മിണ്ടാൻ പാടില്ല എന്നാണ് മുഖ്യമന്ത്രിയുടെ ലൈൻ. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുകയാണെന്നും ഗോവിന്ദന്‍ മാഷിന്‍റെ കാര്യം ഇതാണെങ്കില്‍
മറ്റു സഖാക്കളുടെ കാര്യം എന്തായിരിക്കുമെന്നും അൻവർ ചോദിച്ചു.