ഇത്തരത്തിൽ ചേരികളും കോളനികളും തകർത്തെറിഞ്ഞാണ് ഡൽഹിയിൽ ഉദ്യോഗസ്ഥരും ഭരണകർത്താക്കളും ഉരുക്കുമുഷ്ടി തെളിയിച്ചിരുന്നത്
ചേരികളിലുള്ള മുഴുവൻപേർക്കും ബിജെപി വീടു കൊടുത്താൽ രാഷ്ട്രീയം നിർത്താമെന്ന് അരവിന്ദ് കെജ്‌രിവാൾ. ബിജെപി അധികാരത്തിൽ വന്നാൽ ചേരികൾ തന്നെ ഉണ്ടാവില്ലെന്നും എല്ലാവരേയും ഒഴിപ്പിക്കുമെന്നുമാണ് കെജ്‌രിവാളിൻ്റെ മുന്നറിയിപ്പ്. പതിറ്റാണ്ടുകളായി ഡൽഹിയുടെ നീറുന്ന വിഷയമാണ് കോളനികൾ.
ഇത്തരത്തിൽ ചേരികളും കോളനികളും തകർത്തെറിഞ്ഞാണ് ഡൽഹിയിൽ ഉദ്യോഗസ്ഥരും ഭരണകർത്താക്കളും ഉരുക്കുമുഷ്ടി തെളിയിച്ചിരുന്നത്. അൽഫോൻസ് കണ്ണന്താനം മുതലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരും, വി.കെ. സക്സേന വരെയുള്ള ലഫ്റ്റനൻ്റ് ഗവർണർമാരും തങ്ങൾ കരുത്തരാണെന്ന് തെളിയിച്ചത് ചേരികളിലേക്ക് ബുൾഡോസറുകൾ അയച്ചാണ്.
2008-ൽ ഷീലാ ദീക്ഷിത് സർക്കാരാണ് ഒരു രേഖകളുമില്ലാത്ത 1,638 ചേരികൾ ക്രമവത്ക്കരിക്കാൻ തീരുമാനിച്ചത്. അതിൽ 1218 ചേരികൾക്ക് വൈദ്യുതിയും വെള്ളവും എത്തിച്ചു. അപ്പോഴും റേഷൻ അന്യമായിരുന്നു. തുടർഭരണം ഉറപ്പാക്കിയ ആ നീക്കത്തിനു ശേഷം പിന്നെ ഡൽഹി കണ്ടത് ഒഴിപ്പിക്കലുകളുടെ കാലമായിരുന്നു. ഒരു രേഖയും വെള്ളവും വെളിച്ചവും ഇല്ലാത്ത 1797 ചേരികൾ ഇപ്പോഴും ഡൽഹിയിലുണ്ട്. ചേരികളുടെ മൂവായിരം വരെ ആകാമെന്നാണ് സന്നദ്ധ സംഘടനകൾ പറയുന്നത്.
ഓരോ ചേരിയിലും 3000 മുതൽ 30,000 വരെ താമസക്കാരുണ്ട്. ഡൽഹിയിലെ രണ്ടുകോടി ജനസംഖ്യയിലെ മൂന്നിലൊന്നും വസിക്കുന്നത് ചേരികളിലാണ്. ആ ചേരികളെ ചൊല്ലിയാണ് ഇപ്പോൾ ബിജെപിയും ആംആദ്മി പാർട്ടിയും കൊമ്പു കോർക്കുന്നത്. അതൊരു പുതിയ വിഷയമേയല്ലെന്നതാണ് മറ്റൊരു വസ്തുത.