കടുവ ഇന്നലെ രാത്രി റഡാറിന് പുറത്തായിരുന്നെന്നും തെർമൽ ഡ്രോൺ പരിശോധനയിൽ കടുവ സാന്നിധ്യം കണ്ടെത്താൻ ആയില്ലെന്നും വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു
പ്രതീകാത്മക ചിത്രം
വയനാട് പുൽപ്പള്ളി അമരക്കുനിയിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ വേട്ടക്കാരൻ കടുവയെ പിടികൂടാനുള്ള ദൗത്യം തുടർന്ന് വനം വകുപ്പ്. വെറ്റിനറി ഡോക്ടർമാരും മയക്കുവെടി സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവ ഇന്നലെ രാത്രി റഡാറിന് പുറത്തായിരുന്നെന്നും തെർമൽ ഡ്രോൺ പരിശോധനയിൽ കടുവ സാന്നിധ്യം കണ്ടെത്താൻ ആയില്ലെന്നും വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറായി പരിശോധന നടത്തിയിട്ടും കടുവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വെറ്റിനറി ഡോക്ടർമാരുടെ മയക്കുവെടി സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കടുവ ഇന്നലെ രാത്രി മുതൽ റഡാറിന് പുറത്താണെന്ന് ഡിഎഫ്ഒ അജിത് കെ. രാമൻ പറയുന്നു. സാധ്യത മേഖലകളിൽ പരിശോധന നടത്തിയിരുന്നു. തെർമൽ ഡ്രോൺ പരിശോധനയിൽ കടുവ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ആടിനെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധന സഹായം നൽകി. കടുവയെ പിടികൂടാൻ 4 കൂടുകൾ സ്ഥാപിച്ചെന്നും ജീവനുള്ള ഇരയെ വെച്ചാണ് കടുവയെ പിടികൂടാൻ ശ്രമിക്കുന്നതെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ കടുവയുടെ ദൃശ്യങ്ങൾ ഒടുവിൽ പതിഞ്ഞത്. ഇതിനുശേഷം കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇത് വനം വകുപ്പിനെയും, ജനങ്ങളെയും ആശങ്കയിലാക്കിയിരുന്നു.
ആടുകളെ മാത്രം ലക്ഷ്യംവെക്കുന്നതിനാൽ തന്നെ, കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരിക്കാനാണ് സാധ്യതയെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ പറഞ്ഞിരുന്നു. നിലവിൽ കേരള വനംവകുപ്പിന്റെ ഡേറ്റാബേസിലുള്ള കടുവയല്ല നാട്ടിലിറങ്ങിയിരിക്കുന്നതെന്നും ദേശീയറെക്കോർഡുകളിലും ഈ കടുവയെക്കുറിച്ചുള്ള വിവരങ്ങളൊന്നുമില്ലെന്നും അധികൃതർ പറഞ്ഞു.
നാണ്യവിളകൾ കൂടുതലായി കൃഷി ചെയ്യുന്ന സ്ഥലമാണ് അമരക്കുനി. കാപ്പി കുരുമുളക് വിളവെടുപ്പ് സീസണായതു കൊണ്ട് കർഷകർ ആശങ്കയിലാണ്. കൃഷിയിടത്ത് ഇറങ്ങാനാകാതെ പ്രദേശത്തെ ക്ഷീരകർഷരുടെയും ഉപജീവനം മുടങ്ങിയ സ്ഥിതിയിലാണ്. കടുവ കെണിയിൽ പെട്ടിട്ടില്ലെങ്കിൽ കാത്തിരിക്കാതെ മയക്കു വെടി വെച്ച് പിടികൂടാൻ വനംവകുപ്പ് തയ്യാറാണമെന്ന് ജനകീയ സമിതി ഭാരവാഹി കെ. അജിത് ആവശ്യപ്പെട്ടിരുന്നു.