എൻ.എം. വിജയൻ്റെ ആത്മഹത്യകുറിപ്പിലെ വിശ്വാസ്യത സാങ്കേതികമായി ചോദ്യം ചെയ്യാനാവുമെന്ന പ്രതീഷയിലാണ് ഇവരുടെ അഭിഭാഷകർ
ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ
വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെയും മകൻ്റെയും ആത്മഹത്യ പ്രേരണകേസിൽ കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിധി ഇന്ന്. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വിധി പറയുക. വയനാട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. മൂവരും ഒളിവിലാണ് എന്നാണ് പൊലീസ് റിപ്പോർട്ട്.
ജനുവരി 15 വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. ഈ ഘട്ടത്തിൽ കോടതി വിധി പറയാൻ വൈകുകയാണെങ്കിൽ അന്വേഷണ സംഘത്തിന് ഏത് നിമിഷവും ഇവരെ അറസ്റ്റ് ചെയ്യാനാകും. ബത്തേരി അർബൻ ബാങ്ക് നിയമന വിവാദം കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ, കോടതി സ്വഭാവിക മുൻകൂർ ജാമ്യം നൽകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.
ALSO READ: എൻ.എം. വിജയൻ്റെ മരണം: കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും
ആരെങ്കിലും ഒരാൾക്ക് ജാമ്യം കിട്ടിയാലും കാര്യങ്ങൾ പ്രതിസന്ധിയിലേക്ക് നീങ്ങും. അതുകൊണ്ടാണ് നിലവിൽ അറസ്റ്റ് ചെയ്യില്ലെന്ന് സാഹചര്യമുണ്ടായിട്ടും ഇവർ നാട്ടിലേക്ക് വരാതെ മാറി നിൽക്കുന്നത് എന്നാണ് സൂചന. പല കോൺഗ്രസ് നേതാക്കളും ആ ആശങ്ക പങ്കുവെക്കുന്നുണ്ട്. എൻ.എം. വിജയൻ്റെ ആത്മഹത്യകുറിപ്പിലെ വിശ്വാസ്യത സാങ്കേതികമായി ചോദ്യം ചെയ്യാനാവുമെന്ന പ്രതീഷയിലാണ് ഇവരുടെ അഭിഭാഷകർ. നിലവിൽ ജില്ലാ കോടതിയുടെ തീരുമാനം അനുകൂലമല്ലെങ്കിൽ മാത്രമേ ഹൈക്കോടതിയെ സമീപിക്കാനാവൂ.
വിജയൻ്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മൂന്നു പേരെയും പ്രതിചേർത്തത്. ആത്മഹത്യ പ്രേരണ കുറ്റമാണ് ഇവർക്കെതിരെയുള്ളത്. എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു. എൻ.എം. വിജയൻറെ ഫോൺ രേഖകളും പ്രത്യേക അന്വേഷണസംഘം പരിശോധിച്ചതിനുശേഷമാണ് കേസടുത്തത്.
അതേസമയം വിവാദത്തിന് പിന്നാലെ കര്‍ണാടകയിലേക്ക് മാറിയിരിക്കുകയാണ് ഐ.സി.ബാലകൃഷ്ണന്. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്ന പക്ഷം മാത്രം ജില്ലയില്‍ എത്തിയാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെയും നിര്‍ദേശം. നിയമന വിവാദത്തില്‍ ഐ.സി. ബാലകൃഷ്ണന് നല്കിയ ശുപാര്‍ശ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ശുപാര്‍ശ നല്‍കിയെന്ന കാര്യം ആദ്യം വിസമ്മതിച്ച എംഎല്‍എ കത്ത് പുറത്തുവന്നതോടെ പ്രസ്താവന തിരുത്തി രംഗത്തെത്തിയിരുന്നു. മൂന്നുപേരുടെയും അറസ്റ്റ്, ഐ.സി. ബാലകൃഷ്ണന്റെ രാജി എന്നിവ ആവശ്യപ്പെട്ടുകൊണ്ട് സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തുണ്ട്.
വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന് ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്മാരില് പ്രമുഖനായിരുന്നു അദ്ദേഹം. മകന് ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.