നേരത്തെ 5 ദിവസം പൊലീസ് കസ്റ്റഡിയിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരത്തി ചോദ്യം ചെയ്തെങ്കിലും പ്രതികൾ കുറ്റം സമ്മതിച്ചിട്ടില്ല. ഇത് അന്വേഷണ സംഘത്തിന് തലവേദനയാവുന്നുണ്ട്
കാസർഗോഡ് പൂച്ചക്കാട്, പ്രവാസി വ്യവസായി അബ്ദുൾ ഗഫൂർ ഹാജിയുടെ കൊലപാതകത്തിലെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരത്തിയിട്ടും പ്രതികൾ കുറ്റം സമ്മതിക്കാത്തതും എറണാകുളത്ത് ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതിനാലുമാണ് അഞ്ച് ദിവസത്തേക്കു കൂടി കസ്റ്റഡി ആവശ്യപ്പെടുന്നത്.
അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതകത്തിൽ ഉളിയത്തടുക്ക സ്വദേശി ഉബൈസ്, മന്ത്രവാദി കെ.എച്ച്.ഷമീന എന്ന ജിന്നുമ്മ, പൂച്ചക്കാട് സ്വദേശി അസ്നിഫ, മധുർ സ്വദേശി ആയിഷ എന്നിവരാണ് ഇതുവരെ പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് 596 പവൻ സ്വർണംവിറ്റ ചില വ്യാപാരസ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ജ്വല്ലറികളിലും സഹകരണ ബാങ്കുകളിലും നടത്തിയ തെളിവെടുപ്പിൽ 117 പവൻ സ്വർണ്ണം കണ്ടെത്തി.
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യിലിലാണ് മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിലും സ്വർണ്ണം വിറ്റതായി കണ്ടെത്തിയത്. മൂന്ന് ജില്ലകളിൽ കൂടി എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതിനാൽ പ്രതികൾക്കായി അന്വേഷണസംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. നേരത്തെ 5 ദിവസം പൊലീസ് കസ്റ്റഡിയിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ നിരത്തി ചോദ്യം ചെയ്തെങ്കിലും പ്രതികൾ കുറ്റം സമ്മതിച്ചിട്ടില്ല. ഇത് അന്വേഷണ സംഘത്തിന് തലവേദനയാവുന്നുണ്ട്.
ഇതിനിടെ കാസർഗോഡ് തൊട്ടിയിൽ സ്വദേശികളായ ഉവൈസിനും ഷമ്മാസിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. രാജ്യംവിട്ട പ്രതികളെ തിരികെ എത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
2023 ഏപ്രിലിൽ ആണ് ഗഫൂർ ഹാജിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന് കരുതി ഭാര്യയും ബന്ധുക്കളും മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 596 പവന്‍ സ്വർണം കാണാതായതാണ് സംശയങ്ങള്‍ക്ക് കാരണമായത്. പിതാവിന്‍റെ മരണത്തിലും ആഭരണങ്ങള്‍ കാണാതായതിന് പിന്നിലും ആഭിചാരക്രിയ നടത്തുന്ന ജിന്നുമ്മയെയും ഇവരുടെ രണ്ടാം ഭര്‍ത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂറിന്റെ മകന്‍ ബേക്കല്‍ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കി. മകന്‍റെ പരാതിയിൽ ബേക്കൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. ഒടുവിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സമരസമിതി രൂപീകരിച്ച് സമ്മർദ്ദം ശക്തമാക്കിയതോടെയാണ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി കെ. ജെ ജോൺസണിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസെടുത്തത്.
തുടർന്ന് നടന്ന അന്വേഷണത്തില്‍ പ്രദേശവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില ആളുകൾ വീട്ടിൽ തുടർച്ചയായി വരാറുണ്ടെന്ന് കണ്ടെത്തി. ഗഫൂറിന് ദുർമന്ത്രവാദികളുമായി ബന്ധമുണ്ടെന്നും ഇവരാണ് വീട്ടിൽ വരാറുള്ളതെന്നും തെളിഞ്ഞു. തല ഭിത്തിയിൽ ഇടിച്ചതാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതോടെ അന്വേഷണത്തിന് വേഗത വർധിച്ചു. ഗഫൂര്‍ ഹാജിയും മന്ത്രവാദിനിയും തമ്മില്‍ കൈമാറിയ വാട്‌സാപ്പ് സന്ദേശങ്ങളും 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘം കണ്ടെത്തി. തട്ടിയെടുത്ത സ്വർണം കാസർഗോഡുള്ള വിവിധ ജ്വല്ലറികളിൽ വിറ്റതായി പ്രതികൾ പൊലീസിനോട് പറഞ്ഞു.