താരത്തിന് ആറ് തവണ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ താരത്തെ ആക്രമിക്കുകയായിരുന്നു
പ്രശസ്ത ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാന് മുംബൈയിൽ വസതിയിൽ വെച്ച് കുത്തേറ്റു. പുലർച്ചെ 2.30 ഓടെ ബാന്ദ്രയിലെ സ്വന്തം വസതിക്ക് പുറത്തുവെച്ചാണ് നടന് നേരെ അജ്ഞാതൻ്റെ ആക്രമണമുണ്ടായത്. കവർച്ചാ ശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റതെന്നാണ് സൂചന. താരത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സെയ്ഫ് അലി ഖാന് ശസ്ത്രക്രിയ നടത്തുകയാണെന്നാണ് വിവരം. താരത്തിന് ആറ് തവണ കുത്തേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ താരത്തെ ആക്രമിക്കുകയായിരുന്നു. രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്നാണ് വിവരം. ഒരു മുറിവ് നട്ടെല്ലിന് സമീപത്തായാണ്. നടനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സെയ്ഫ് അലി ഖാൻ, ഭാര്യ കരീന കപൂർ, മക്കളായ തൈമൂർ, ജെഹ് എന്നിവർ ഉറക്കത്തിലായിരിക്കെ ഇവരുടെ വീട്ടിലേക്ക് ഒരു മോഷ്ടാവ് അതിക്രമിച്ച് കടക്കുകയായിരുന്നു. ഇതിന് പിന്നാലെ നടനും അക്രമിയും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ അക്രമി സെയ്ഫ് അലി ഖാനെ രണ്ട് തവണ കുത്തുകയും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. സ്വിറ്റ്‌സർലൻഡിൽ നടന്ന പുതുവത്സരാഘോഷം കഴിഞ്ഞ് സെയ്ഫ് അലി ഖാനും കുടുംബവും കഴിഞ്ഞയാഴ്ചയാണ് മുംബൈയിലേക്ക് മടങ്ങിയെത്തിയത്.
ALSO READ: മക്കൾ സെൽവനിൽ നിന്ന് മനിതരിൻ രാജയിലേക്ക്; വിജയ് സേതുപതിക്ക് ഇന്ന് 47ാം പിറന്നാൾ