മകരസംക്രാന്തി ദിനത്തിൽ ഹൂഗ്ലി നദിയിൽ 24 പർഗാനാസ് ജില്ലയുടെ ഭാഗമായ സാഗർ ദ്വീപിൽ നടക്കുന്ന ആത്മീയ ചടങ്ങാണ് ഗംഗാ സാഗർ മേള. പത്ത് വർഷമായി ഗംഗാ സാഗർ മേളയ്ക്ക് ദേശീയ പദവിക്കായി ശ്രമിക്കുന്നുണ്ട്. ബിജെപി ഇതിന് തയ്യാറാകുന്നില്ല. കുംഭമേളയേക്കാൾ വലിയ മേളയാണ് ഇതെന്നായിരുന്നു മമതയുടെ വാക്കുകൾ.
പ്രയാഗ് രാജിൽ മഹാകുംഭമേള തുടരുന്നതിനിടെ ബംഗാളിലെ മകരസംക്രാന്തി ആഘോഷത്തിന്റെ പേരിൽ ടിഎംസി-ബിജെപി രാഷ്ട്രീയപ്പോര്. ബംഗാളിലെ സാഗർ ദ്വീപിൽ നടക്കുന്ന ഗംഗാ സാഗർ മേളയാണ് രാജ്യത്തെ ഏറ്റവും വലുതെന്നും മേളയ്ക്ക് ദേശീയപദവി വേണമെന്നും മമതാ ബാനർജി. പെരുപ്പിച്ച കണക്കാണ് മമതയുടേതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ തിരിച്ചടിച്ചു. ഗംഗാസാഗർ മേളയുടെ നടത്തിപ്പിൽ ബംഗാൾ സർക്കാരിന് വീഴ്ചയെന്നും ബിജെപി നേതാവ് വിമർശിച്ചു.
മകരസംക്രാന്തി ദിനത്തിൽ ഹൂഗ്ലി നദിയിൽ 24 പർഗാനാസ് ജില്ലയുടെ ഭാഗമായ സാഗർ ദ്വീപിൽ നടക്കുന്ന ആത്മീയ ചടങ്ങാണ് ഗംഗാസാഗർ മേള. പത്ത് വർഷമായി ഗംഗാസാഗർ മേളയ്ക്ക് ദേശീയ പദവിക്കായി ശ്രമിക്കുന്നുണ്ട്. ബിജെപി ഇതിന് തയ്യാറാകുന്നില്ല. കുംഭമേളയേക്കാൾ വലിയ മേളയാണിതെന്നായിരുന്നു മമതയുടെ വാക്കുകൾ. ബിജെപി രാഷ്ട്രീയ താൽപര്യം വെച്ചാണ് ആത്മീയ പരിപാടിയെ വരെ കാണുന്നതെന്ന് തൃണമൂൽ മുഖ്യമന്ത്രി വിമർശിച്ചു. എന്നാൽ മേളയെക്കുറിച്ചുള്ള ബംഗാൾ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിലൂടെ തൃണമൂൽ സർക്കാരിനെ വിമർശിക്കുകയും ചെയ്തു.
Also Read; സനാതന ധർമത്തിനു വേണ്ടി കൂട്ടായ്മ; ഡൽഹിയിൽ സനാതൻ സേവാ സമിതിയുമായി കെജ്‌രിവാൾ
"പ്രയാഗ് രാജിൽ അമൃത് സ്നാനം നടത്താനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും കോടിക്കണക്കിന് പേരാണ് എത്തുന്നത്. ലോകശ്രദ്ധയിലാണ് മഹാകുംഭമേള. എന്നാൽ ഗംഗാസാഗർ മേള ബംഗാൾ സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണ്," അമിത് മാളവ്യ പ്രതികരിച്ചു. കഴിഞ്ഞവർഷം ഗംഗാസാഗർ മേളയ്ക്ക് 1.10 കോടി ജനമെത്തിയെന്ന് മമത അവകാശപ്പെട്ടെന്നും ആർടിഐ രേഖാപ്രകാരം ലഭിച്ച വിവരമനുസരിച്ച് ഇതിന്റെ മൂന്ന് ശതമാനം മാത്രമാണ് പങ്കെടുത്തതെന്ന് വ്യക്തമായെന്നും ബംഗാൾ ബിജെപി സംഘടനാ ചുമതലയുള്ള നേതാവ് കൂടിയായ അമിത് മാളവ്യ എക്സിൽ കുറിച്ചു.
പ്രയാഗ് രാജിലേക്ക് വിമാനവും ട്രെയിനും റോഡ് സൗകര്യങ്ങളുമുണ്ട്. എന്നാൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഇടമാണ് സാഗർ ദ്വീപ്. കൊൽക്കത്തയിൽ നിന്ന് 130 കിലോമീറ്റർ ദൂരെയുള്ള ഇവിടേക്ക് എന്നിട്ടും ഒരു കോടിയിലധികം പേരെത്തുന്നു. യാത്രാസൗകര്യങ്ങൾ കൂടുതൽ ഉണ്ടായിരുന്നുവെങ്കിൽ കുംഭമേളയേക്കാൾ ജനം എത്തിയേനെ എന്നാണ് ബംഗാൾ മുഖ്യമന്ത്രിയുടെ വാദം.
സാഗർ ദ്വീപിലേക്ക് ഗതാഗത സൗകര്യങ്ങളൊരുക്കാൻ കേന്ദ്രസഹായം ലഭിക്കുന്നില്ല. സംസ്ഥാനം സ്വന്തം നിലയ്ക്ക് 1500 കോടി രൂപയ്ക്ക് റോഡും പാലങ്ങളും പണിയാൻ പോകുകയാണെന്നും മമത വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും നിശ്ചയദാർഢ്യമില്ലായ്മയുമാണ് ഗംഗാസാഗർ മേള അവഗണിക്കപ്പെടാൻ കാരണമെന്നാണ് ഇതിന് ബിജെപി ഐടി സെൽ മേധാവിയുടെ മറുപടി.