'മൂഡ് ഓഫ് ദി നേഷൻ' എന്ന ഇന്ത്യ ടുഡേ സർവേ പ്രകാരം മോദിയുടെ ജനപ്രീതി ഏഴര ശതമാനത്തോളം ഇടിഞ്ഞതായാണ് കണക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഏഴര ശതമാനത്തോളം ഇടിഞ്ഞതായി സർവേ. മോദിക്ക് ശേഷം അടുത്ത പ്രധാനമന്ത്രിയാകാൻ യോഗ്യനാര് എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി എന്നായിരുന്നു കൂടുതൽ പേരുടെയും പ്രതികരണം. 'മൂഡ് ഓഫ് ദി നേഷൻ' എന്ന ഇന്ത്യ ടുഡേ സർവേയിലേതാണ് ഈ വിവരങ്ങൾ. രാഹുലിൻ്റെ ജനപ്രീതി എട്ട് ശതമാനം വർധിച്ചതായും സർവേ ഫലത്തിൽ പറയുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ജനമെങ്ങനെ ചിന്തിക്കുന്നുവെന്നറിയാൻ നടത്തിയ സർവേയാണ് രാഹുൽഗാന്ധിയുടെ ജനപ്രീതി വർധിച്ചെന്ന് കണ്ടെത്തിയത്. ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച 'മൂഡ് ഓഫ് ദി നേഷൻ' സർവേ പ്രകാരം മോദിയുടെ ജനപ്രീതി ഇടിഞ്ഞു. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരാകണം എന്ന ചോദ്യത്തിന് മോദി ഒന്നാംസ്ഥാനത്ത് തുടരുന്നുവെങ്കിലും റേറ്റിംഗ് 50 ശതമാനത്തിൽ താഴെയെത്തി.
മോദിയെ അനുകൂലിക്കുന്നവരുടെ എണ്ണത്തിൽ 7.3 ശതമാനമാണ് കുറവുണ്ടായെന്നാണ് സർവേ ഫലം പറയുന്നത്. അതേസമയം, രാഹുലിൻ്റെ ജനപ്രീതി എട്ട് ശതമാനം വർധിച്ചു. അമിത് ഷായ്ക്ക് 20 ശതമാനം പിന്തുണ, യോഗി ആദിത്യനാഥിന് 19 ശതമാനം എന്നിങ്ങനെയാണ് സർവേയുടെ കണ്ടെത്തൽ.
ജാതി സെൻസസിനെ അനുകൂലിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. 2024 ഫെബ്രുവരിയിൽ ജാതി സെൻസസിനെ അനുകൂലിച്ചത് 59 ശതമാനമാണെങ്കിൽ, ഇപ്പോൾ നടത്തിയ സർവേയിൽ 74 ശതമാനം ജാതി സെൻസസിന് അനുകൂലമാണ്. ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, 'അതെ' എന്ന് ഉത്തരം പറഞ്ഞത് 46 ശതമാനം ആളുകളാണ്. 2023ൽ ഇതേ ചോദ്യം ഉയർന്നപ്പോൾ, 43 ശതമാനം പേരാണ് ബിജെപി സർക്കാർ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഉത്തരം പറഞ്ഞത്.
തെരഞ്ഞെടുപ്പിന് ശേഷമുള്ള രാജ്യത്തിൻ്റെ പൊതു കാഴ്ചപ്പാടാണിത് എന്ന് സർവേയോട് പ്രതികരിച്ചുകൊണ്ട് രാഷ്ട്രീയ വിദഗ്ധൻ യോഗേന്ദ്ര യാദവ് പറഞ്ഞു. തൊഴിലില്ലായ്മ, ഗാന്ധി, നെഹ്റു എന്നിവർക്കെതിരായ നിലപാട് തുടങ്ങിയവ ബിജെപിക്ക് തിരിച്ചടിയായെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.