വ്യാഴാഴ്ച പുലർച്ചെ നടനെ വീട്ടിലെത്തി ആക്രമിച്ചയാളാണോ ഇതെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മധ്യപ്രദേശിൽ നിന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ നടനെ വീട്ടിലെത്തി ആക്രമിച്ചയാളാണോ ഇതെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 54കാരനായ നടന് കഴുത്തിലും നട്ടെല്ലിന് സമീപവും ഉൾപ്പെടെ ആറോളം തവണ കുത്തേറ്റിരുന്നു. ലീലാവതി ആശുപത്രിയിലെത്തിച്ച സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
അതേസമയം, പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ന് മുംബൈ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സെയ്ഫിൻ്റെ അപ്പാർട്ട്മെൻ്റിലെ ആറാം നിലയിലുള്ള ലിഫ്റ്റിനടുത്തുള്ള ദൃശ്യങ്ങളാണിത്. മൊബൈൽ ഷോപ്പിൽ അക്രമി നിൽക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തെത്തി.
സിസിടിവി ദൃശ്യങ്ങളിൽ പ്രതി ഒരു മഞ്ഞ ഷർട്ട് ധരിച്ചിരിക്കുന്നതായി വ്യക്തമാണ്. എന്നാൽ ഈ ദൃശ്യങ്ങൾ സംഭവത്തിന് മുൻപുള്ളതാണോ, അതോ ശേഷമുള്ളതാണോ എന്ന് വ്യക്തമല്ല. കുറ്റകൃത്യം നടന്ന് ഏകദേശം ആറ് മണിക്കൂറിന് ശേഷം, രാവിലെ 9 മണിയോടെ ദാദറിലെ ഒരു സ്റ്റോറിൽ നിന്നും ഇയാൾ ഹെഡ്‌ഫോൺ വാങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ നീല ഷർട്ടാണ് ധരിച്ചിട്ടുള്ളത്. ദാദറിലെ മൊബൈൽ സ്റ്റോറിലും ഇതേ ഷർട്ട് ധരിച്ചാണ് ഇയാളെ കണ്ടത്.
ALSO READ: "അക്രമി വീട്ടിൽ നിന്ന് ഒന്നും കവർന്നില്ല, മുൻഗണന നൽകിയത് സെയ്ഫിനെ വേഗം ആശുപത്രിയിൽ എത്തിക്കാൻ"; കരീന കപൂറിൻ്റെ മൊഴി പുറത്ത്
സെയ്ഫ് അലി ഖാൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് നടൻ ചികിത്സയിലുള്ളത്. ആറ് തവണ കുത്തേറ്റ നടന്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. സെയ്ഫിൻ്റെ നട്ടെല്ലിനും സുഷുമ്‌നാ നാഡിക്കും സാരമായി പരിക്കേറ്റിരുന്നു.