ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ സിനിമയിൽ വന്ന കാലം മുതൽ കേൾക്കുന്നത്
തന്നെ സിനിമകളിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടിയും, AMMA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന അനന്യ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ AMMA എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് നേരെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നു വരികയും, പ്രസിഡൻ്റ് മോഹൻലാൽ അടക്കമുള്ളവർ രാജി വെക്കുകയും ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അനന്യ.
സിദ്ദിഖിനെതിരായ ലൈംഗികാരോപണം ഞെട്ടലുണ്ടാക്കി. വാർത്തകൾ പുറത്തുവന്നപ്പോൾ അങ്കലാപ്പും, ആശയക്കുഴപ്പവും ഉണ്ടായി. നടിയെ ആക്രമിച്ച സംഭവം തന്നിൽ ഞെട്ടൽ ഉണ്ടാക്കി. അമ്മയുടെ അംഗങ്ങളുടെ ക്ഷേമപ്രവർത്തനം ഉറപ്പിക്കണം. പുതുതലമുറ അമ്മയുടെ തലപ്പത്തേക്ക് വരണം. ഒരു രാഷ്ട്രീയ ചിന്തകളും മനസിലില്ല, നല്ല രീതിയിൽ സംഘടന മുന്നോട്ടു പോകണം. വീണ്ടും മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല. ഇന്നലെ കൂടിയ ഓൺലൈൻ എക്സിക്യൂട്ടീവ് യോഗത്തിൽ ഹേമ കമ്മറ്റിയുടെ ഒരു കാര്യവും സംസാരിച്ചിട്ടില്ല. നല്ല കമ്മിറ്റി വരണം, നല്ല ഭരണം കാഴ്ചവെക്കണം. ഡബ്ല്യുസിസി അംഗങ്ങൾ അമ്മയുടെ തലപ്പത്തേക്ക് വരുന്നത് സ്വാഗതാർഹം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ സിനിമയിൽ വന്ന കാലം മുതൽ കേൾക്കുന്നതാണെന്നും, കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അനന്യ പറഞ്ഞു.
READ MORE: ആശങ്ക ഉന്നയിച്ചതില്‍ കൃത്യമായ മറുപടി ലഭിച്ചതിനാലാണ് രാജി : വിനു മോഹന്‍
AMMAയിലെ കൂട്ടരാജിയില്‍ വിയോജിപ്പുണ്ടായതിനെ തുടർന്ന് കൂട്ടരാജിയില്‍ ഭാഗമാകാതെ അനന്യ ഉൾപ്പെടെയുള്ള നാല് പേര്‍ മാറിനിന്നിരുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടൊവിനോ തോമസ്, സരയു, വിനു മോഹന്‍, അനന്യ എന്നിവരാണ് രാജിവെക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചത്. കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം പ്രസിഡന്റ് മോഹന്‍ലാലിന്റേതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് പേരുടെ വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ട് പ്രസിഡന്റ് മോഹന്‍ലാല്‍ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെ 17 അംഗങ്ങളും രാജിവെച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടെന്നായിരുന്നു ഇന്നലെ അറിയിച്ചത്.
രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും. അതുവരെ നിലവിലുള്ള ഭരണസമിതി തത്കാലിക സംവിധാനമായി തുടരുമെന്നും സംഘടന അറിയിച്ചിരുന്നു.