സ്ത്രീകൾ പരാതി നൽകാൻ മുന്നോട്ടുവരണമെന്നും ഗായത്രി വർഷ പറഞ്ഞു
നടനും എംഎൽഎയുമായ മുകേഷിനെതിരായ ലൈംഗികാരോപണങ്ങളിൽ പ്രതികരണവുമായി നടി ഗായത്രി വർഷ. മുകേഷ് മാറിനിൽക്കണം. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ ഒഴിഞ്ഞുകൊണ്ട് അന്വേഷണത്തെ നേരിടണം. സ്ത്രീകൾ പരാതി നൽകാൻ മുന്നോട്ടുവരണമെന്നും ഗായത്രി വർഷ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബോളിവുഡ് കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് മുകേഷിനെതിരായ മീ ടു ആരോപണം വീണ്ടും പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് 19 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തെ കുറിച്ച് ടെസ് ജോസഫ് വീണ്ടും ഓർമപ്പെടുത്തിയത്. 'നിയമം അധികാരമുള്ളവർക്ക് വേണ്ടി നിൽക്കുമ്പോൾ എവിടെയാണ് പ്രതീക്ഷ' എന്നാണ് ടെസ് ജോസഫ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ALSO READ: ആരോപണത്തിന്റെ പേരിൽ മാറ്റി നിർത്താനാകില്ല; രഞ്ജിത്തിനെതിരായ പരാതിയിൽ കഴമ്പുണ്ടെങ്കിൽ മാത്രം നടപടി'; ഫെഫ്ക
2013-ൽ ഒരു സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ മുകേഷ് അടക്കം ഏഴുപേർ ശാരീരിക പീഡനവും, വാക്കുകളാലുള്ള അധിക്ഷേപവും നടത്തിയെന്ന് ആരോപിച്ച് നടി മിനു മുനീറും രംഗത്തെത്തിയിരുന്നു. സിനിമയുമായി സഹകരിച്ച് പോകാൻ ശ്രമിച്ചെങ്കിലും, പീഡനം അസഹനീയമായിമായതോടെ, മലയാള സിനിമ വിട്ട് ചെന്നൈയിലേക്ക് മാറാൻ നിർബന്ധിതയായി എന്നും നടി വെളിപ്പെടുത്തിയിരുന്നു. അനുഭവിച്ച പ്രയാസങ്ങൾക്ക് നീതി വേണം. ഇവരുടെ മോശം പ്രവർത്തികൾക്കെതിരെ തക്കതായ നടപടി എടുക്കണമെന്നും മിനു മുനീർ ആവശ്യപ്പെട്ടു. സംഭവത്തിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിൽ വഴി പരാതി നൽകുമെന്നും നടി അറിയിച്ചിട്ടുണ്ട്.
ALSO READ: AMMA ഭാരവാഹിത്വത്തില്‍ ഭിന്നത; ജഗദീഷിനെ ജന:സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ എതിര്‍പ്പ്
സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ സന്ധ്യയെന്ന യുവതിയാണ് മുകേഷിനെതിരെ ഏറ്റവുമൊടുവിൽ വെളിപ്പെടുത്തലുമായി എത്തിയത്. തൻറെ സുഹൃത്തായ ജൂനിയർ ആർട്ടിസ്റ്റിൻറെ വീട്ടിലെത്തിയ മുകേഷ് സുഹൃത്തിൻറെ അമ്മയോട് മോശമായി പെരുമാറിയെന്നും തുടർന്ന് മുകേഷിനെ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കിയെന്നുമാണ് സന്ധ്യ ആരോപിച്ചത്.