ടി.വി. പ്രശാന്തൻ നവീന്‍ ബാബുവിനെതിരെ വ്യാജ പരാതി നൽകിയതിൽ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം
നവീന്‍ ബാബു, ടി.വി. പ്രശാന്തന്‍
കണ്ണൂർ മുൻ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച വിവാദ പെട്രോൾ പമ്പ് ഉടമ ടി.വി. പ്രശാന്തനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിങ്ങാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പരാതി.
ടി.വി. പ്രശാന്തൻ വ്യാജ പരാതി നൽകിയതിൽ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടില്ലെന്ന വിജിലൻസ് ഡയറക്ട്രേറ്റിന്റെ വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിലാണ് പരാതി. പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നും പിന്നീട് അതിൽ വിജിലൻസിന് പരാതി നൽകിയെന്നുമായിരുന്നു പ്രശാന്തന്റെ അവകാശവാദം.
ശ്രീകണ്ഠപുരം നിടുവാലൂർ സ്വദേശി ടി.വി. പ്രശാന്തൻ തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയിലെ ചേരന്മൂല എന്ന സ്ഥലത്ത് പെട്രോൾ പമ്പ് നിർമാണത്തിനാണ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. ബിപിസിഎൽ ഔട്ട്‌ലെറ്റ് തുടങ്ങാനായിരുന്നു അപേക്ഷ. അപേക്ഷ കണ്ണൂർ കളക്ടറേറ്റിൽ ലഭിച്ചതിന് പിന്നാലെ എഡിഎമ്മിന് കീഴിലുള്ള ഉദ്യോഗസ്ഥർ നിർദിഷ്ട പെട്രോൾ പമ്പ് സ്ഥാപിക്കുന്ന സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് കൈമാറുകയും ചെയ്തു.
കൊടുംവളവുള്ള സ്ഥലമായതിനാൽ ആ സ്ഥലത്ത് പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് തടസങ്ങൾ ഉണ്ടെന്നായിരുന്നു കണ്ടെത്തൽ. ഇതേ തുടർന്ന് അപേക്ഷ മാറ്റിവെക്കുകയും ചെയ്തു. നിയമാനുസൃതമായിട്ടായിരുന്നു ഇതുവരെയുള്ള നടപടികൾ എല്ലാം പൂർത്തീകരിച്ചത്. എന്നാൽ പിന്നീട് പമ്പിന് അനുമതി ലഭിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ അനുമതി നിഷേധിച്ച പമ്പിന് പിന്നീട് എങ്ങനെ അനുമതി ലഭിച്ചെന്ന് വ്യക്തമല്ല. ഇതിനിടെയാണ് എഡിഎമ്മിന്റെ സ്ഥലം മാറ്റത്തെ തുടർന്നുള്ള യാത്രയയപ്പിൽ ചടങ്ങിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരാമർശം. സാങ്കേതിക കാരണങ്ങൾ കാരണം തടഞ്ഞുവെക്കപ്പെട്ട അനുമതി പിന്നീട് നൽകിയത് എങ്ങനെയെന്ന് വരും ദിവസങ്ങളിൽ വ്യക്തമാക്കുമെന്നും അപേക്ഷയുമായി വരുന്നവരോട് ഉദ്യോഗസ്ഥർ ഇങ്ങനെ പെരുമാറരുത് എന്നുമായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ യോഗത്തിൽ പറഞ്ഞത്. ഇതിനു പിന്നാലെയാണ് നവീൻ ബാബു ജീവനൊടുക്കിയത്.
Also Read: വനിതാ അഭിഭാഷകയെ ജഡ്ജി അപമാനിച്ചെന്ന പരാതി; ഒടുവിൽ മാപ്പ് പറഞ്ഞ് ജസ്റ്റിസ് എ. ബദറുദ്ദീൻ
നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമായിട്ടാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലിൽ നവീൻ ബാബു കാലതാമസം വരുത്തി എന്നതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോ. കമ്മീഷണർ എ. ഗീത ഐഎഎസിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ ഈ വിശദാംശങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രശാന്തനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുളത്തൂർ ജയ്സിങ് രംഗത്തെത്തി.