പ്രതിഷേധത്തിന്റെ പരോക്ഷ സൂചനയായി ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും പ്രൊഫൈല്‍ പിക്ച്ചർ മാറ്റുകയും ചെയ്തു
സിപിഐഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച പുതിയ സംസ്ഥാന കമ്മിറ്റിയിൽ അതൃപ്തിയുമായി മുൻ എംഎൽഎയും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ. പത്മകുമാർ. വീണാ ജോർജിനെ സെക്രട്ടേറിയറ്റിലെ സ്ഥിരം ക്ഷണിതാവാക്കിയിട്ടും തന്നെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഉച്ചഭക്ഷണത്തിന് നില്‍ക്കാതെ പത്മകുമാർ സമ്മേളന നഗരിയില്‍ നിന്ന് മടങ്ങി. വൈകാതെ പ്രതിഷേധത്തിന്റെ പരോക്ഷ സൂചന അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും പ്രൊഫൈല്‍ പിക്ച്ചർ മാറ്റുകയും ചെയ്തു. ചതിവ് , വഞ്ചന , അവഹേളനം, 52 വർഷത്തെ ബാക്കിപത്രം, ലാൽ സലാം എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ നിമിഷങ്ങള്‍ക്കകം മുന്‍ എംഎല്‍എ ഈ പോസ്റ്റ് പിന്‍വലിച്ചു.
Also Read: മുന്നിലുള്ളത് ഒറ്റക്കെട്ടായി പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള ദൗത്യം: എം.വി. ഗോവിന്ദന്‍
സിപിഐഎമ്മിന്റെ 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ 18 പേർ കണ്ണൂരിൽ നിന്നുള്ളവരാണ്. കമ്മിറ്റിയിൽ 13 പേരെയാണ് വനിതകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 17 പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ വിഷയത്തെ തുടർന്ന് സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പി. ഗഗാറിൻ, പി. ശ്രീരാമകൃഷ്ണൻ എന്നിവരെയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായപരിധി നോക്കാതെയാണ് മൂന്നുപേരെയും ഒഴിവാക്കിയത്.
Also Read: ആരും പ്രതീക്ഷിക്കാത്ത വലിയ മാറ്റം കേരളത്തിൽ ഉണ്ടാകാൻ പോകുന്നു: എം.വി. ഗോവിന്ദൻ
ഒറ്റക്കെട്ടായി പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള ദൗത്യമാണ് മുന്നിലുള്ളതെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ശേഷം എം.വി. ഗോവിന്ദൻ പറഞ്ഞത്. എല്ലാ വർഗീയ ശക്തികളെയും അതിന്റെ സൂക്ഷ്മാംശത്തിൽ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം. നവകേരളം സൃഷ്ടിക്കാനുള്ള വലിയ പരിപാടികളുമായാണ് ഈ സമ്മേളനം അവസാനിക്കുമ്പോൾ പാർട്ടി മുന്നോട്ട് പോകുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.