സാമ്പിളുകൾ പരിശോധിച്ചതിന് പിന്നാലെ പിഎച്ച്, ഡിഒ, ബിഒഡി, എഫ്‌സി, എന്നിവയുടെ ശരാശരി മൂല്യം അനുവദനീയമായ പരിധിക്ക് ഉള്ളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്
മഹാകുംഭമേലയിലെ ജലം കുളിക്കാൻ അനിയോജ്യമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. പുണ്യസ്നാനം നടത്തുന്ന ത്രിവേണി സംഗമത്തിലെ വെള്ളം മലിനമാണെന്നും, കോളിഫോം ബാക്‌ടീരിയയുടെ അളവ് വെള്ളത്തിൽ കൂടുതലാണെന്നുമുള്ള വാർത്ത പുറത്തുവന്നിരുന്നു.
മനുഷ്യ, മൃഗ വിസർജ്യങ്ങളിൽ കാണാറുള്ള കോളിഫോം ബാക്‌റ്റീരിയയുടെ അളവ് നദീജലത്തിൽ ക്രമാതീതമായി വർധിച്ചിട്ടുണ്ടന്നും ഇത് ആശങ്കാജനകമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. അനുവദനീയമായ അളവിനും ഒരുപാട് മടങ്ങ് മേലെയാണ് വെള്ളത്തിൽ നിന്നും കണ്ടെത്തിയ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമെന്നും കണ്ടെത്തിയിരുന്നു.
വെള്ളത്തിൻ്റെ ഗുണനിലവാര സൂചിക പ്രധാനമായും ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് അഥവാ ബിഒഡിയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ബിഒഡി അളവ് കൂടുന്നത് വെള്ളത്തിൽ മാലിന്യത്തിൻ്റെ അളവ് വർധവിക്കുന്നതിൻ്റെ സൂചനയാണ്. മൂന്ന് മില്ലിയിലും താഴെയാണ് ബിഒഡി എങ്കിലാണ് വെള്ളം കുളിക്കാൻ യോഗ്യമാകുന്നത്. എന്നാൽ മഹാകുംഭമേളയിലെ വെള്ളം പരിശോധിച്ചപ്പോൾ 5 മില്ലിയിൽ മേലെയാണ് ബിഒഡി കണ്ടെത്തിയത്. കുംഭമേളക്ക് മുമ്പ് ഇത് 3.94 ആയിരുന്നു. നദീജലം മാരകമായ രീതിയിൽ മലിനമാകുന്നതിൻ്റെ സൂചനയാണ് കേന്ദ്ര റിപ്പോർട്ട് നൽകുന്നത്.
എന്നാൽ നദിയിലെ വെള്ളം കുളിക്കാൻ യോഗ്യമാണോ എന്ന ചോദ്യം ഉയർന്നതിന് പിന്നലെയാണ് വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയത്. സാമ്പിളുകൾ പരിശോധിച്ചതിന് പിന്നാലെ പിഎച്ച്, ഡിഒ, ബിഒഡി, എഫ്‌സി, എന്നിവയുടെ ശരാശരി മൂല്യം അനുവദനീയമായ പരിധിക്ക് ഉള്ളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.