മരണ സമയത്ത് ജീന്‍ ഹാക്ക്മാന്റെ വയറ്റില്‍ ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാന്റെയും ഭാര്യയുടെയും മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജീന്‍ ഹാക്ക്മാന് അല്‍ഷിമേഴ്‌സ് ഗുരുതമായ ഘട്ടത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ ബെറ്റ്സി അരകാവ മരിച്ചതറിയാതെ ഏഴ് ദിവസത്തോളം ഹാക്ക്മാന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതിനു ശേഷമാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുന്നതും മരണം സംഭവിക്കുന്നതും.
ഇരുവരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മരണത്തില്‍ ദുരൂഹതയും പൊലീസ് തള്ളിയിരുന്നു. അപൂര്‍വ ശ്വാസകോശ രോഗമായ ഹാന്റവൈറസ് പള്‍മണറി സിന്‍ഡ്രോം ബാധിച്ചായിരുന്നു ബെറ്റ്‌സിയുടെ മരണം. ഹൃദ്രോഗിയും അല്‍ഷിമേഴ്‌സ് ബാധിതനുമായ ജീന്‍ ഹാക്ക്മാന്‍ ഭാര്യ മരിച്ചതറിയാതെ അതേ വീട്ടില്‍ ഒരാഴ്ചയോളം കഴിഞ്ഞു. പിന്നാലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുന്നത്. ജീന്‍ ഹാക്ക്മാന്റെ വയറ്റില്‍ ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നും മരണ സമയത്ത് കടുത്ത നിര്‍ജലീകരണം ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസ്സില്‍ കാണപ്പെടുന്ന അപൂര്‍വ രോഗമാണ് ഹാന്റവൈറസ്. മാന്‍ എലി (deer mice)കളുടെ മൂത്രത്തിലൂടേയും കാഷ്ഠത്തിലൂടെയാണ് ഈ രോഗം പടരുന്നത്. ന്യൂ മെക്‌സിക്കോ, അരിസോണ, കൊളറാഡോ, യൂട്ടാ എന്നീ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് മിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബെറ്റ്‌സിയെ വീട്ടിലെ ശുചിമുറിയിലും ഹാക്ക്മാനെ അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വളര്‍ത്തുനായയേയും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.
വില്യം ഫ്രീഡ്കിന്റെ 'ദി ഫ്രഞ്ച് കണക്ഷന്‍' എന്ന ചിത്രത്തിലെ ക്രൂരനായ ഡിറ്റക്ടീവ് ജിമ്മി 'പോപ്പേ' ഡോയലിനെ അവതരിപ്പിച്ചതിനാണ് ഹക്മാന് ആദ്യത്തെ ഓസ്‌കാര്‍ ലഭിച്ചത്. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ 'ദി കൊണ്‍വര്‍സേഷന്‍' എന്ന പാരനോയിഡ് ത്രില്ലറില്‍ അദ്ദേഹം പ്രേക്ഷകരെ ആകര്‍ഷിച്ചു. കൂടാതെ 'സൂപ്പര്‍മാന്‍' എന്ന ചിത്രത്തിലെ വില്ലന്‍ ലെക്സ് ലൂഥറായി യുവ പ്രേക്ഷകരെ ആനന്ദിപ്പിച്ചു. ക്ലിന്റ് ഈസ്റ്റ്വുഡിന്റെ 'അണ്‍ഫോര്‍ഗിവന്‍' എന്ന ചിത്രത്തിലെ ക്രൂരനായ ഷെരീഫ് ലിറ്റില്‍ ബില്‍ ഡാഗെറ്റിലൂടെ തന്റെ രണ്ടാമത്തെ ഓസ്‌കാര്‍ അദ്ദേഹം നേടി.
രണ്ട് അക്കാദമി അവാര്‍ഡുകള്‍, നാല് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍, ഒരു സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് അവാര്‍ഡ്, രണ്ട് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ (BAFTA) എന്നിവ നേടിയിട്ടുണ്ട്. 'ബോണി & ക്ലൈഡ്' എന്ന സെമിനല്‍ ഔട്ട്‌ലോസ്-ഓണ്‍-ദി-റണ്‍ നാടകത്തിലെ അഭിനയത്തിനും, 'ഐ നെവര്‍ സാങ് ഫോര്‍ മൈ ഫാദര്‍' എന്ന കഥാപാത്രത്തിനും, 'മിസിസിപ്പി ബേണിംഗ്' എന്ന ത്രില്ലറിലുമുള്ള അഭിനയത്തിനും അദ്ദേഹത്തിന് ഓസ്‌കാര്‍ നോമിനേഷനുകള്‍ ലഭിച്ചിട്ടുമുണ്ട്.
'വേക്ക് ഓഫ് ദി പെര്‍ഡിഡോ സ്റ്റാര്‍', 'ജസ്റ്റിസ് ഫോര്‍ നോണ്‍', 'എസ്‌കേപ്പ് ഫ്രം ആന്‍ഡേഴ്സണ്‍വില്ലെ: എ നോവല്‍ ഓഫ് ദി സിവില്‍ വാര്‍', 'പേബാക്ക് അറ്റ് മോര്‍ണിംഗ് പീക്ക്: എ നോവല്‍ ഓഫ് ദി അമേരിക്കന്‍ വെസ്റ്റ്' എന്നീ നാല് ചരിത്ര ഫിക്ഷന്‍ നോവലുകളും 2013 ലെ പോലീസ് ത്രില്ലര്‍ 'പര്‍സ്യൂട്ടും' അദ്ദേഹം എഴുതിയിട്ടുണ്ട്.