ഫെബ്രുവരി 22ന് ശ്രീശൈലം ഡാമിന് പിന്നിലായുള്ള ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ടണലിൻ്റെ പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്
തെലങ്കാനയിലെ നാഗർകുർണൂലിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തുരങ്കത്തിലെ യന്ത്രത്തിനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. യന്ത്രം മുറിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഫെബ്രുവരി 22ന് ശ്രീശൈലം ഡാമിന് പിന്നിലായുള്ള ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ടണലിൻ്റെ പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടം നടക്കുന്ന സമയത്ത് 60 ഓളം തൊഴിലാളികള്‍ ടണലില്‍ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. നിർമാണം പൂർത്തിയാക്കാത്തതിനാല്‍ ടണല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഫെബ്രുവരി 18നാണ് ടണല്‍ തുറന്നത്. ടണലിലൂടെ വെള്ളം കൊണ്ടുപോയി തുടങ്ങിയപ്പോഴുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികള്‍ ഇറങ്ങിയത്.ഇതിനുപിന്നാലെയാണ് അപകടം നടക്കുന്നത്.
ഇന്ത്യൻ കരസേന, നാവികസേന, എൻഡിആർഎഫ്, ജിഎസ്‌ഐ തുടങ്ങിയ ഏജൻസികൾ രാവും പകലും കഠി പരിശ്രമത്തിലായിരുന്നു. ഏകദേശം 300 പേർ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്നു. കൂടാതെ രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവർ ഡോഗുകളെയും അയച്ചിരുന്നു.
രണ്ട് എഞ്ചിനിയർമാരും രണ്ട് മെഷീൻ ഓപ്പറേറ്റർ മാരും നാല് തൊഴിലാളികളുമാണ് അപകടത്തിൽ പെട്ടത്. ഡാമിന് പിന്നിലുള്ള തുരങ്കത്തിൻ്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാന്‍ കയറിയ തൊഴിലാളികളാണ് ഒരുഭാഗം ഇടിഞ്ഞതോടെ അപകടത്തിൽ പെട്ടത്.തുരങ്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായി എലിമാള ഖനന രീതിയാണ് ഉപയോഗിച്ചത്. ഇതിനായി ഉത്തർപ്രദേശിൽ നിന്നും പന്ത്രണ്ടംഗ റാറ്റ് ഹോൾ മൈനർമാരുടെ സംഘം ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കത്തിൽ എത്തിയിരുന്നു.