കഞ്ചാവ് വിഴുങ്ങിയിട്ടുണ്ടെന്ന് പൊലീസിനോട് ഷാനിദ് പറഞ്ഞിരുന്നു
താമരശേരിയിൽ പൊലീസിന്റെ ലഹരി വേട്ടയ്ക്കിടയിൽ അമ്പായത്തോടിൽ നിന്നും പിടിയിലാവുന്നതിനിടയിൽ രാസാ ലഹരി പാക്കറ്റുകൾ വിഴുങ്ങി ചികിത്സയിലിരിക്കെ മരിച്ച ഷാനിദിന്റെ പോസ്റ്റ്‌മോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ പൂർത്തിയായി. ഇതിനിടെ ഷാനിദിന്റെ സ്കാനിങ് റിപ്പോർട്ടിൽ ഇയാൾ വിഴുങ്ങിയത് മൂന്ന് പായ്‌കറ്റുകളാണെന്ന് കണ്ടെത്തി. രണ്ടു പാക്കറ്റുകളിൽ എംഡിഎംഎയും ഒരു പാക്കറ്റിൽ കഞ്ചാവും ആണെന്നാണ് പ്രാഥമിക സ്കാനിങ് റിപ്പോർട്ട്.
കഞ്ചാവ് വിഴുങ്ങിയിട്ടുണ്ടെന്ന് പൊലീസിനോട് ഷാനിദ് പറഞ്ഞിരുന്നു. താമരശേരി തഹസിൽദാർ , കുന്നമംഗലം മജിസ്ട്രേട്ട് ,പേരാമ്പ്ര ഡിവൈഎസ്പി എന്നിവരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഒരു മണിയോടെ ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഉച്ചയ്ക്ക് രണ്ടരയോടെ താമരശേരി മൈക്കാവ് കരിമ്പാലക്കുന്ന് ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Also Read: സെലിബ്രിറ്റി മേക്കപ്പ്മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; RG വയനാടൻ എന്ന രഞ്ജിത്ത് ഗോപിനാഥൻ
ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷാനിദ് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയത്. അമ്പാഴത്തോട് അങ്ങാടിയിൽ നിൽക്കുകയായിരുന്ന യുവാവ് പൊലീസിനെ കണ്ടപ്പോൾ കയ്യിലിരുന്ന പാക്കറ്റ് വിഴുങ്ങുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ ഷാനിദിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് ഇയാൾ പറഞ്ഞത്.
തുടർന്ന് പൊലീസ് ഷാനിദിനെ മെഡിക്കൽ കോളേജിലെത്തിച്ച് എൻഡോസ്കോപ്പി പരിശോധനയും രക്തപരിശോധനയും നടത്തി. ഈ പരിശോധനയിലാണ് യുവാവിൻ്റെ വയറ്റിൽ എംഡിഎംഎ തരികളടങ്ങിയ രണ്ട് പാക്കറ്റുകളുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. മുൻപും പല ലഹരി കേസുകളിൽ പ്രതിയാണ് മരിച്ച ഷാനിദ്. എക്സൈസ് സംഘം ഷാനിദിൻ്ഫെ വീട്ടിലേത്തി പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.