സർക്കാർ ആശുപത്രിയിലെ ചികിത്സ, മണൽവാരൽ എന്നിവയുടെ കാര്യത്തിൽ മാറ്റമുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തിൽ സൂചന നൽകി.
കേരളത്തെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരും പ്രതീക്ഷിക്കാത്ത വലിയ മാറ്റം കേരളത്തിൽ ഉണ്ടാകാൻ പോകുന്നെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രസ്താവന. സർക്കാർ ആശുപത്രിയിലെ ചികിത്സ, മണൽവാരൽ എന്നിവയുടെ കാര്യത്തിൽ മാറ്റമുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തിൽ സൂചന നൽകി.
പാർട്ടിയുടെ ചരിത്രത്തിലെ സുപ്രധാന നാഴിക കല്ലായിരുന്നു കൊല്ലത്തെ സിപിഐഎം സംസ്ഥാന സമ്മേളനമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നും ഓർമ്മിക്കാൻ കഴിയുന്ന ആവേശകരമായ സമ്മേളനമാണ് കൊല്ലത്ത് നടന്നത്. ജനകീയ പങ്കാളിത്തം കൊണ്ട് എല്ലാ പരിപാടികളും ശ്രദ്ധേയമായെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സിപിഐഎം സമ്മേളനത്തിന് വേണ്ടി രണ്ടര കോടി രൂപ ശേഖരിച്ചത് പാർട്ടി കുടുംബങ്ങളുടെ വീടുകളിൽ നിന്നാണെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വിഭാഗീയത പൂർണമായും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി പുതിയ വെല്ലുവിളികളെ നേരിടാൻ പാർട്ടി സജ്ജമായി. എല്ലാവരുമായും ചർച്ചചെയ്ത് അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുത്ത് മുന്നോട്ടുപോകും. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകളുടെ പൊതുശത്രുവാണ് സിപിഐഎമ്മെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മുന്നിലുള്ളത് ഒറ്റക്കെട്ടായി പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള ദൗത്യം: എം.വി. ഗോവിന്ദന്‍
പാർട്ടിക്ക് നേരെയുള്ള മാധ്യമ വിമർശനത്തെ സ്വാഗതം ചെയ്യുന്നതായി എം. വി. ഗോവിന്ദൻ പറയുന്നു. അനുകൂലമായും പ്രതികൂലമായും മാധ്യമങ്ങൾ സമ്മേളനത്തെക്കുറിച്ച് വാർത്തകൾ നൽകി. രണ്ടും നന്നായി എന്നാണ് പറയാനുള്ളത്. ഒരു പദവി ആയിട്ടല്ല ഉത്തരവാദിത്തമായിട്ടാണ് സെക്രട്ടറി പദത്തെ കാണുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സെക്രട്ടേറിയറ്റിൽ മൂന്ന് ഒഴിവുകളാണ് ഉണ്ടായിരുന്നതെന്നും എല്ലാ വശങ്ങളും പരിശോധിച്ചാണ് കമ്മിറ്റിയെയും സെക്രട്ടറിയേറ്റിനേയും തെരഞ്ഞെടുത്തതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സൂസൻ കോടിയെ കരുനാഗപ്പള്ളി വിഷയവുമായി ബന്ധപ്പെട്ട് മാറ്റിനിർത്തിയത് തന്നെയാണ്. കരുനാഗപ്പള്ളിയിലെ ആരെയും ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും എടുത്തിട്ടില്ലെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.
മൂന്നാം ടേമിലും എൽഡിഎഫ് സർക്കാർ വരിക എന്നുള്ളത് പാർട്ടിയെ സംബന്ധിച്ചു മാത്രമല്ല ജനങ്ങൾക്കും പ്രധാനമാണ്. സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായി വീണാ ജോർജിനെ തീരുമാനിച്ചു. നേരത്തെ ഉണ്ടായിരുന്ന വി.എസ് ഉൾപ്പടെയുള്ള ക്ഷണിതാക്കളുടെ കാര്യത്തിൽ പാർട്ടി കോൺഗ്രസിന് ശേഷം തീരുമാനമെടുക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.