പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലിൽ നവീൻ ബാബു കാലതാമസം വരുത്തി എന്നതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോ. കമ്മീഷണർ എ. ഗീത ഐഎഎസിന്റെ റിപ്പോർട്ടിൽ പറയുന്നു
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റിപ്പോർട്ട്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമായിട്ടാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലിൽ നവീൻ ബാബു കാലതാമസം വരുത്തി എന്നതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോ. കമ്മീഷണർ എ. ഗീത ഐഎഎസിന്റെ റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിക്കാൻ ആവശ്യപ്പെട്ടത് ദിവ്യയാണെന്ന് മൊഴി ലഭിച്ചതായാണ് റിപ്പോർട്ട്. ചടങ്ങിനു മുൻപ് ദിവ്യ നേരിട്ട് വിളിച്ചിരുന്നു എന്ന് കളക്ടറും മൊഴി നൽകിയതായി പറയുന്നു.
Also Read: 'നവകേരള നയരേഖയ്ക്ക് സമ്മേളനത്തിൽ വലിയ സ്വീകാര്യത'; ജനസമ്മതിയോടെ നടപ്പാക്കുമെന്ന് എം.വി. ഗോവിന്ദൻ
എഡിഎമ്മിൻ്റെ മരണത്തിൽ റവന്യൂ വകുപ്പാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ആറ് വിഷയങ്ങളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. എൻഒസി നൽകുന്നതുമായ ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും, കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരായ ആരോപണങ്ങളും, ദിവ്യ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാനുമാണ് റവന്യൂ കമ്മീഷണർക്ക് നൽകിയ നിർദേശം. ബന്ധപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എ. ഗീത ഐഎഎസ് റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരിക്കും റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടിയെടുക്കുക എന്നാണ് റവന്യൂ വകുപ്പ് അറിയിച്ചിരുന്നത്.
സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ ഏകപ്രതി പി.പി. ദിവ്യ ഇപ്പോൾ ജാമ്യത്തിലാണ്.
Also Read: "മദ്യക്കമ്പനിക്ക് അനുമതി നൽകാൻ ഭരണ- പ്രതിപക്ഷങ്ങൾ പണം വാങ്ങി"; ഇഡിക്ക് പരാതി നൽകി സി. കൃഷ്ണകുമാർ
പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കാട്ടി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നവീന്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടതിനെക്കുറിച്ച് പൊലീസ് വേണ്ടവിധം അന്വേഷിച്ചില്ലെന്നത് അടക്കമുള്ള ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചത്. എന്നാൽ ഈ ഹർജി കഴിഞ്ഞ ജനുവരി ആറിന് സിംഗിൾ ബഞ്ച് തള്ളി. പിന്നാലെ, സർക്കാരിലും സിപിഎമ്മിലും ഉന്നത ബന്ധങ്ങളുള്ള പ്രതി പി.പി. ദിവ്യ അന്വേഷണത്തെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള സാധ്യത സിംഗിൾ ബെഞ്ച് പരിഗണിച്ചിട്ടില്ലെന്നും അതിനാൽ, അന്വേഷണം സിബിഐക്ക് കൈമാറണമെന്നുമാവശ്യപ്പെട്ട് ഭാര്യ അപ്പീൽ നൽകി. എന്നാൽ ഈ അപ്പീലും കോടതി തള്ളുകയായിരുന്നു.
റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിനു പിന്നാലെ കൂടുതൽ മുന്നോട്ടുപോകാനുള്ള ശക്തി കിട്ടിയെന്ന് ഭാര്യ മഞ്ജുഷ പ്രതികരിച്ചു. ഈ കാര്യങ്ങള്‍ കുടുംബാംഗങ്ങൾക്ക് നേരത്തെ അറിയാവുന്നതാണെന്നും റിപ്പോർട്ട് പുറത്തുവന്നത് തെളിവായെന്നും മഞ്ജുഷ പറഞ്ഞു. നവീൻ ബാബിനു മേൽ മറ്റു ചില സമ്മർദങ്ങളും ഉണ്ടായിരുന്നു. അത് ചില കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊരു അവസരത്തിൽ അത് വെളിപ്പെടുത്തുമെന്നും ഭാര്യ കൂട്ടിച്ചേർത്തു. കുടുംബത്തിന് ആശ്വാസമായെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും മഞ്ജുഷ അറിയിച്ചു.