fbwpx
SPOTLIGHT | കേരളത്തില്‍ ലഹരിയാകുന്ന കൊലപാതകങ്ങള്‍
logo

ന്യൂസ് ഡെസ്ക്

Posted : 10 Mar, 2025 02:25 PM

മാതാവിനെ കൊല്ലുന്ന മക്കളും പിതാവിനെ കൊല്ലുന്ന മക്കളും പങ്കാളിയെ വെട്ടുന്നവരുമെല്ലാം സിരകളില്‍ ലഹരിയുമായി ചെയ്യുന്നതാണ്

KERALA


കാട്ടാനയുടേയും കടുവയുടേയും ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ജനരോഷമുയരുന്ന സമയമാണ്. എന്നാല്‍, 2024ല്‍ മനുഷ്യന്‍ മനുഷ്യനെകൊന്നത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പതിന്മടങ്ങാണ്. അതില്‍ നല്ലൊരു പങ്കും ചെയ്തത് ലഹരി ഉപയോഗിച്ച ശേഷവും. 335 കൊലപാതകങ്ങളാണ് കേരളത്തില്‍ കഴിഞ്ഞവര്‍ഷം നടന്നത്. 1101 കൊലപാതകശ്രമങ്ങളാണ് ഉണ്ടായത്. ഇതില്‍ എത്രയെണ്ണത്തിലാണ് ലഹരി കാരണമായതെന്ന് അറിയാമോ. കഴിഞ്ഞ രണ്ടുമാസത്തിനിടെ നടന്ന 63 കൊലപാതകങ്ങളില്‍ 30 എണ്ണവും ലഹരി ഉപയോഗിച്ച ശേഷം നടത്തിയതാണ്. കൊലപാതകങ്ങളില്‍ പകുതിക്കടുത്ത് നടക്കുന്നത് ലഹരിയുടെ പ്രകമ്പനത്തിലാണെന്നാണ് കുറ്റപത്രങ്ങള്‍ കാണിക്കുന്നത്. കേരളം സംഘടിക്കേണ്ടതും പ്രതിഷേധിക്കേണ്ടതും ആദ്യം ലഹരിക്കെതിരേയാണ്. ലഹരി ഉപയോഗിച്ച് വീട്ടിലിരുന്നാല്‍ കുഴപ്പമുണ്ടോ എന്ന ചോദ്യങ്ങള്‍ പോലും അപ്രസക്തമാണ്. മാതാവിനെ കൊല്ലുന്ന മക്കളും പിതാവിനെ കൊല്ലുന്ന മക്കളും പങ്കാളിയെ വെട്ടുന്നവരുമെല്ലാം സിരകളില്‍ ലഹരിയുമായി ചെയ്യുന്നതാണ്. നഞ്ചക്ക് വീശി തലയോട്ടിപൊട്ടിക്കാന്‍ തോന്നുന്ന ആ കൊലപാതക ലഹരി കടന്നുവരുന്നതും രാസലഹരിയുടെ വഴികളില്‍ നിന്നാണ്.


കേരളത്തില്‍ ലഹരിയാകുന്ന കൊലപാതകങ്ങള്‍



സംസ്ഥാനത്ത് ഇപ്പോള്‍ നാം കേള്‍ക്കുന്ന മിക്ക കൊലപാതക വാര്‍ത്തകളുടേയും ഒടുക്കം ഒരു വരിയുണ്ടാകും. പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇതല്ലെങ്കില്‍ മറ്റൊരു വാചകമാകാം. പ്രതി മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികില്‍സ തേടുന്നയാളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതാണ് ഓരോ കൊലപാതക വാര്‍ത്തയേയും പിന്തുടര്‍ന്നു വരുന്ന ആ വാചകം. സാമാന്യബുദ്ധി ഉള്ളവര്‍ക്കാര്‍ക്കും കേരളത്തില്‍ ഒരു കൊലപാതകം നടത്താന്‍ കഴിയില്ല. അതിനു കാരണം വിദ്യാഭ്യാസത്തിലൂടെ നാം ആര്‍ജിച്ച സാമൂഹിക ബോധമാണ്. കൊല തെറ്റാണെന്നും അതു ചെയ്യാന്‍ നമുക്ക് അവകാശമില്ലെന്നും എല്ലാവര്‍ക്കും അറിയാം. ആ ബോധത്തെ മറികടക്കുന്നത് ലഹരിയാണ്. അല്ലെങ്കില്‍ ശരിയായ ചികില്‍സ കിട്ടാത്ത മാനസിക രോഗങ്ങളാണ്. ഇപ്പോള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജിച്ച സാമൂഹിക ബോധത്തെ അപ്രസക്തമാക്കുന്ന നിലയിലേക്ക് ലഹരി വളരുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും ഉണ്ടാകുന്നത് അങ്ങനെയാണ്. പത്തു വിദ്യാര്‍ത്ഥികള്‍ നിരന്നു നിന്നു തല്ലുമ്പോള്‍ 'വേണ്ടടാ, വിട്ടേക്ക്...' എന്നു പറയാന്‍ ഒരാള്‍ പോലും ഉണ്ടാകുന്നില്ല. വാട്‌സ് ആപ് ഗ്രൂപ്പുകളിലും ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളിലും കൊലപാതക ആഹ്വാനം വരുമ്പോള്‍ 'അതു പാപമാണ്, ചെയ്യരുത്' എന്ന് ആരും ഉപദേശിക്കുന്നില്ല. അവനെയൊക്കെ തട്ടിക്കളയുകയാണ് നല്ലത് എന്ന തോന്നല്‍ ഒരു ലഹരിയായി ഒരാളിലല്ല, ഒരുപാട് ആളുകളിലേക്ക് പടരുകയാണ്. ഇവിടെയാണ് കേരളം ഭയക്കേണ്ടത്.


Also Read: കോണ്‍ഗ്രസ് പറയട്ടെ, ആരാണ് നിങ്ങളുടെ നേതാവ്?


എങ്ങിനെ നടക്കുന്ന ഇത്രയേറെ കൊലപാതകങ്ങള്‍


കേരളത്തില്‍ ഒരു കൊലപാതകമെങ്കിലും നടക്കാത്ത ഒരു ദിവസം പോലുമില്ല എന്നു പറയാം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഓരോ വര്‍ഷവും 350 മുതല്‍ 370 വരെ കൊലപാതകങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. അതില്‍ പകുതിക്കും കാരണം ലഹരിയാണ്. ഒളിച്ചുകടത്തുന്ന നിരോധിത ലഹരികളാണ് കാരണം എന്ന് കയ്യൊഴിയാനൊന്നും നില്‍ക്കേണ്ട. ബവ്‌റിജസില്‍ നിന്നു വരിനിന്നു വാങ്ങുന്ന മദ്യം സേവിച്ചും കൊല നടത്തുന്നവര്‍ കുറവല്ല. ബവ്‌റിജസുകള്‍ക്കു മുന്നില്‍ തന്നെ എത്ര ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നടക്കുന്നു. പല ജോലിസ്ഥലങ്ങളിലേയും ശുചിമുറികളില്‍ നിന്ന് ഉപയോഗിച്ച ശേഷം തുപ്പിക്കളയുകയും വലിച്ചെറിയുകയും ചെയ്യുന്ന ലഹരി ബാക്കികള്‍ കണ്ടെടുത്തു. ഇത് ഒരു ദിവസം മാത്രമല്ല, തുടര്‍ച്ചയായ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തുന്നു. ഒരാള്‍ മാത്രമല്ല നിരവധി പേര്‍ ഉപയോഗിക്കുന്നതായും കണ്ടെത്തുന്നു. ടെക്കികള്‍ മുതല്‍ മെയ്ക്കാടുമാര്‍ വരെ ഇത് ഉപയോഗിക്കുന്നു. ഇന്‍ഫോ, ടെക്‌നോ പാര്‍ക്കുകളില്‍ മാത്രമല്ല, കെട്ടിട നിര്‍മാണ സ്ഥലങ്ങളിലും രാസലഹരിയുടെ പായ്ക്കറ്റുകള്‍ ധാരാളമുണ്ട്. അതിഥി തൊഴിലാളികള്‍ മാത്രമല്ല, മലയാളികളും വ്യാപകമായി ഇവ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ലഹരി കടത്തുകേസില്‍ അറസ്റ്റിലാകുന്നവരില്‍ അഞ്ചിലൊന്ന് സ്ത്രീകള്‍ ആണ് എന്ന നിലയിലേക്കും കേസുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മിക്ക ലഹരി റാക്കറ്റിനൊപ്പവും പെണ്‍കുട്ടികള്‍ കൂടി പിടിയിലാകുന്നുണ്ട്.


Also Read: അറിയേണ്ടേ, കുട്ടികള്‍ ചുറ്റികയുമായി കൊല്ലാന്‍ നടക്കുന്നത്?


ബലാത്സംഗക്കേസുകളിലും ലഹരി



2024ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 2901 ബലാല്‍സംഗക്കേസുകളാണ്. ഇതില്‍ നല്ലൊരു പങ്കും ലഹരി ഉപയോഗിച്ച് ചെയ്തതാണ്. തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും തീവയ്പ്പ് കേസുകളിലും മാത്രമല്ല, സ്ത്രീധന പീഡന കേസുകളില്‍ പോലും പ്രതികള്‍ ലഹരി ഉപയോഗിച്ചാണ് പലപ്പോഴും പീഡിപ്പിക്കുന്നത്. 695 ലൈംഗിക അതിക്രമ കേസുകളിലെ പ്രതികളില്‍ നല്ലൊരു പങ്കും ലഹരി ഉപയോഗിച്ചവരാണ്. ഭര്‍ത്താവും ബന്ധുക്കളും അതിക്രമം കാണിച്ച 4905 കേസുകളുണ്ട്. അതിലും നല്ലൊരു പങ്ക് ലഹരിക്കുണ്ട്. സ്ത്രീത്വത്തെ അപമാനിച്ച 4286 കേസുകളിലും ലഹരിക്കുള്ള പങ്ക് ചെറുതല്ല. ഈ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് അറിയുന്നവരാണ് നമ്മുടെ തലമുറ. വിദ്യാഭ്യാസം കൊണ്ടുണ്ടായ ആ അറിവിനെ തമസ്‌കരിക്കുന്ന നിലയിലേക്ക് ലഹരി വളര്‍ന്നു കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറിയുള്ള സ്‌കൂളുകളില്‍ ബഹുഭൂരിപക്ഷവുമായി ബന്ധപ്പെട്ടു ലഹരിമരുന്നു ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. ചില അധ്യാപകര്‍ പോലും ഈ ശൃംഖലയുടെ ഭാഗമാകുന്നുണ്ട്. കേരളത്തില്‍ എല്ലാവിഭാഗത്തിലുമായി 1.98 ലക്ഷം ക്രിമിനല്‍ കേസുകളാണ് കഴിഞ്ഞവര്‍ഷം റജിസ്റ്റര്‍ ചെയ്തത്. അതില്‍ ഇരുപതു ശതമാനത്തിലേറെ ലഹരി ഉപയോഗിച്ചു നടത്തിയവയാണ് എന്നറിയാല്‍ എഫ്‌ഐആറുകളും കുറ്റപത്രങ്ങളും മറിച്ചുനോക്കിയാല്‍ മതി.


സ്വാധീനിക്കുന്നത് സിനിമയോ?


വയലന്‍സ് ആഘോഷിക്കുന്ന സിനിമകള്‍ ഉണ്ട്. അവ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്നത് ആക്രമ രീതികള്‍ അനുകരിക്കുന്നതിലാണ്. എന്നാല്‍ അതിക്രമത്തിന് കാരണമാകുന്നത് സിനിമകളാണെന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. സമൂഹത്തില്‍ പൊതുവേ ബാധിച്ചിരിക്കുന്ന അരാജകത്വമാണ് അതിക്രമങ്ങളുടെയെല്ലാം കാരണം. ലഹരി ആ അരാജകത്വത്തെ വര്‍ധിപ്പിക്കുന്നു. നിസാര കാര്യത്തിനുപോലും അതിക്രമത്തിലേക്കു നീങ്ങുന്നവര്‍ സിനിമകള്‍ കാണിച്ചുകൊടുക്കുന്ന വഴികള്‍ ഉപയോഗിക്കുന്നുണ്ടാകാം. അടിസ്ഥാന പ്രശ്‌നം സിനിമയല്ല. സിനിമയില്‍ കാണുന്നതു ഭാവനയാണെന്നും അതു ജീവിതമല്ലെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകാനാണ് എല്ലാവരേയും സ്‌കൂളില്‍ അയയ്ക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ തന്നെ ലഭിക്കുന്ന ബോധമാണത്. പക്ഷേ, സംവിധായകന്‍ ഭാവനയില്‍ കാണുന്നതെല്ലാം തലമുറ ജീവിതത്തില്‍ അനുകരിക്കുന്നുണ്ടെങ്കില്‍ അത് സമൂഹത്തിന്റെ പ്രശ്‌നമാണ്. മാനസിക ദൌര്‍ബല്യമുള്ളവര്‍ നടത്തുന്ന കൊലപാതകങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗം മനശാസ്ത്ര ചികില്‍സ ഉറപ്പാക്കുക എന്നതാണ്. തലവേദനയും നെഞ്ചുവേദനയും വരുമ്പോള്‍ ചികില്‍സിക്കുന്നതുപോലെ തന്നെ മാനസിക പ്രശ്‌നങ്ങള്‍ക്കും ചികില്‍സ അനുവാര്യമാണ്. പിന്നെയുള്ളത് ലഹരിയാണ്. അതിന് ഒരു ചികില്‍സയും ഫലിക്കില്ല. സമ്പൂര്‍ണമായ ഉന്മൂലനം മാത്രമാണ് പ്രതിവിധി. നമ്മുടെ സ്‌കൂളുകളിലെ കുട്ടികള്‍ക്കൊന്നും ശരിയായ വിദ്യാഭ്യാസ കിട്ടാത്തതുകൊണ്ടല്ല വഴിതെറ്റുന്നത്. ശരിയല്ലാത്ത ലഹരിയും ചിന്തകളും കിട്ടുന്നതുകൊണ്ടാണ്. അധ്യാപകരുടെ കയ്യില്‍ ചൂരല്‍ കൊടുത്തതുകൊണ്ടൊന്നും ഇതിനു പരിഹാരമാകില്ല. ശിക്ഷകരുടെ തലമുറയൊക്കെ എന്നെ അപ്രസക്തമായി കഴിഞ്ഞു. വഴിതെറ്റിക്കുന്ന ലഹരി തടയുന്നതിലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം കാണേണ്ടത്. പാഠ്യപദ്ധതി പരിഷ്‌കരിച്ചതുകൊണ്ട് അതു സാധ്യമാകണം എന്നില്ല.

KERALA
“കൂടൽമാണിക്യം ക്ഷേത്ര തന്ത്രിമാരുടേത് പുരോഗമന നിലപാടല്ല, പിന്നാക്കക്കാരനെ മാറ്റിയത് അംഗീകരിക്കാനാകില്ല"; വിമർശിച്ച് മന്ത്രി ഒ.ആർ. കേളു
Also Read
user
Share This

Popular

KERALA
KERALA
“കൂടൽമാണിക്യം ക്ഷേത്ര തന്ത്രിമാരുടേത് പുരോഗമന നിലപാടല്ല, പിന്നാക്കക്കാരനെ മാറ്റിയത് അംഗീകരിക്കാനാകില്ല"; വിമർശിച്ച് മന്ത്രി ഒ.ആർ. കേളു