2009ല്‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണിന്റെ അവതാര്‍ ലോകമെമ്പാടും ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു
ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ അവതാര്‍ എന്ന ചിത്രത്തിന്റെ പേര് നിര്‍ദ്ദേശിച്ചത് താനാണെന്ന് ബോളിവുഡ് താരം ഗോവിന്ദ. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യാന്‍ കാമറൂണ്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഗോവിന്ദ പറഞ്ഞു. നടന്‍ മുകേഷ് ഖന്നയുമായുള്ള അഭിമുഖത്തിലാണ് ഗോവിന്ദ ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.
'വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു സിഖ് വ്യവസായിക്ക് ചില ബിസിനസ് ആശയങ്ങള്‍ നല്‍കുകയും അത് വിജയിക്കുകയും ചെയ്തു. അദ്ദേഹം കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ ജെയിംസ് കാമറൂണുമായി പരിചയപ്പെടുത്തി. കാമറൂണിനൊപ്പം ഒരു സിനിമ ചെയ്യാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ജെയിംസില്‍ നിന്നും കഥ കേട്ടശേഷം ഞാനാണ് ചിത്രത്തിന് അവതാര്‍ എന്ന് പേരിട്ടത്', ഗോവിന്ദ പറയുന്നു.
'എന്നാല്‍ ചിത്രത്തിലെ നായക കഥാപാത്രം വികലാംഗനാണെന്ന് കേട്ടപ്പോള്‍ ഞാന്‍ ആ സിനിമ ഉപേക്ഷിച്ചു. സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നതിന് കാമറൂണ്‍ എനിക്ക് 18 കോടി വാഗ്ദാനം ചെയ്തു. 410 ദിവസമാണ് ഷൂട്ടെന്നും ശരീരം മുഴുവന്‍ പെയിന്റ് ചെയ്യണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. എന്നാല്‍ ശരീരം മുഴുവന്‍ പെയിന്റ് ചെയ്താല്‍ ഞാന്‍ ആശുപത്രിയില്‍ ആയിരിക്കും', ഗോവിന്ദ കൂട്ടിച്ചേര്‍ത്തു.
'നമ്മുടെ ശരീരം മാത്രമാണ് നമുക്കുള്ള ഒരേയൊരു ഉപകരണം. ചില സമയങ്ങളില്‍, ചില കാര്യങ്ങള്‍ പ്രൊഫഷണലായി വളരെ ആകര്‍ഷകമായി തോന്നും. പക്ഷേ അവ നിങ്ങളുടെ ശരീരത്തിലുണ്ടാക്കുന്ന സ്വാധീനവും പരിഗണിക്കേണ്ടതുണ്ട്. ചിലപ്പോള്‍, ഒരു സിനിമ വേണ്ടെന്ന് പറഞ്ഞതിന് വര്‍ഷങ്ങളോളം ആളുകളോട് ക്ഷമാപണം നടത്തേണ്ടിവരു'മെന്നും ഗോവിന്ദ അഭിപ്രായപ്പെട്ടു.
അതേസമയം 2009 ല്‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണിന്റെ അവതാര്‍ ലോകമെമ്പാടും ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗമായ വേ ഓഫ് വാട്ടര്‍ 2022ല്‍ റിലീസ് ചെയ്തു. 2025ല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗമായ ഫയര്‍ ആന്‍ഡ് ആഷ് റിലീസ് ചെയ്യും. 'ഫയര്‍ ആന്‍ഡ് ആഷ്' 'വേ ഓഫ് വാട്ടറിനേ'ക്കാള്‍ ദൈര്‍ഘ്യമുള്ള സിനിമയായിരിക്കുമെന്ന് ജെയിംസ് കാമറൂണ്‍ അറിയിച്ചിരുന്നു.