fbwpx
ബിരേൻ സിങ്ങിൻ്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ മുഖ്യമന്ത്രിയെ തേടി ബിജെപി; രാഷ്ട്രപതി ഭരണം വേണ്ടെന്ന നിലപാടിൽ കേന്ദ്രം
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Feb, 2025 04:03 PM

കുക്കി-മെയ്തെയ് വിഭാഗങ്ങൾ അംഗീകരിക്കുന്ന നേതാവിനെ കണ്ടെത്തുകയാണ് ബിജെപി നേതൃത്വത്തിനു മുന്നിലെ പ്രധാന വെല്ലുവിളി

NATIONAL

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിൻ്റെ രാജിയെ തുടർന്ന് സംസ്ഥാനത്തുണ്ടായ ഭരണപ്രതിസന്ധി മറികടക്കാൻ ശ്രമം തുടർന്ന് ബിജെപി. ആരാകും മുഖ്യമന്ത്രിയെന്നതിൽ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുത്താൽ മതിയെന്നും, നിലവിൽ രാഷ്ട്രപതി ഭരണം വേണ്ടെന്നുമാണ് കേന്ദ്ര നേതൃത്വത്തിൻ്റെ ധാരണ. കുക്കി-മെയ്തെയ് വിഭാഗങ്ങൾ അംഗീകരിക്കുന്ന നേതാവിനെ കണ്ടെത്തുകയാണ് ബിജെപി നേതൃത്വത്തിനു മുന്നിലെ പ്രധാന വെല്ലുവിളി.

വംശീയ കലാപം പുകയുന്ന മണിപ്പൂരിൽ ആരാകും മുഖ്യമന്ത്രിയെന്ന ചർച്ച ഇനി ഡെൽഹി കേന്ദ്രീകരിച്ചാകും നടക്കുക. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള സംബിത് പാത്ര എംപി മണിപ്പൂരിലെ എംഎൽഎമാരും നേതാക്കളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തുടർയോഗങ്ങൾ ഡൽഹിയിലേക്ക് മാറ്റിയത്. എംഎൽഎമാർക്കും വിവിധ ജനവിഭാഗങ്ങൾക്കും സ്വീകാര്യനാകണം പുതിയ മുഖ്യമന്ത്രിയെന്നതാണ് ബിജെപിക്ക് മുന്നിലെ പ്രധാന വെല്ലുവിളി.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ബിരേൻ സിങ്ങിനെ അനുനയിപ്പിച്ച് വേണം ബിജെപിക്ക് മണിപ്പൂരിൽ പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ. ബിരേൻ സിങ്ങിനെ പിന്തുണയ്ക്കുന്ന തീവ്ര മെയ്തെയ് സംഘടനകളുടെ പ്രതിഷേധം രൂക്ഷമാകുമെന്ന സൂചനയെത്തുടർന്ന് ഇംഫാൽ താഴ്‌‌വരയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


ALSO READ: പുതിയ മുഖ്യമന്ത്രി ശീഷ് മഹലിലേക്ക് ഇല്ല; നിലപാടറിയിച്ച് ബിജെപി


മുൻമന്ത്രി യുംനാം ഖേംചന്ദ് സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നതായാണ് സൂചനകൾ. കുക്കി സംഘടനകളുമായുള്ള ബന്ധവും ആർഎസ്എസ് പിന്തുണയും ഖേംചന്ദിന് അനുകൂല ഘടകങ്ങളാണ്. ഖേംചന്ദിന് പുറമേ സ്പീക്കർ തോക്ചോം സത്യബ്രത സിംഗിൻ്റെ പേരും പരിഗണനയിലുണ്ട്. ആദ്യ ബിരേൻ സിങ്ങ് സർക്കാരിൽ മന്ത്രിയായിരുന്ന തോക്ചോം സത്യബ്രതയ്ക്ക് ഒരു വിഭാഗം എംഎൽഎമാരുടെയും പിന്തുണയുണ്ട്.

അതേസമയം, രാഷ്ട്രപതി ഭരണം വേണമെന്ന നിലപാടിലാണ് കുക്കി സംഘടനകൾ. കുക്കി മേഖലകളെ ഉൾപ്പെടുത്തി കേന്ദ്രഭരണ പ്രദേശം കൊണ്ടുവരണമെന്നാണ് കുക്കികളുടെ ആവശ്യം. ഡൽഹിയിൽ വിളിച്ചു ചേർത്തിട്ടുള്ള എംഎൽഎമാരുടെ യോഗത്തിൽ മഞ്ഞുരുകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഈ യോഗത്തിലും സമവായമായില്ലെങ്കിൽ മാത്രമേ രാഷ്ട്രപതി ഭരണമെന്ന സാധ്യത പരിഗണിക്കൂ. എന്തായാലും പ്രധാനമന്ത്രി അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാകും അന്തിമ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

KERALA
'കളിയാക്കിയെന്ന് തോന്നി'; തിരുവനന്തപുരത്ത് ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകന്‍ മർദിച്ചതായി പരാതി
Also Read
user
Share This

Popular

KERALA
KERALA
കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവം; മൂന്ന് പേർ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി