കിയാൽ എംഡി ദിനേശ് കുമാർ, എയർ കേരള ചെയർമാൻ അഫി അഹമദ് എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്
2025 മെയ് മാസം സർവീസ് ആരംഭിക്കാനൊരുങ്ങി എയർ കേരള എയർലൈൻസ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ആദ്യവിമാനം സർവീസ് ആരംഭിക്കുക. കണ്ണൂർ വിമാനത്താവള കമ്പനിയുമായി എയർ കേരള അധികൃതർ ധാരണ പത്രം ഒപ്പിട്ടു. കിയാൽ എംഡി ദിനേശ് കുമാർ, എയർ കേരള ചെയർമാൻ അഫി അഹമദ് എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്.
ആദ്യ വിമാനം കണ്ണൂരിൽ നിന്ന് സർവീസ് നടത്താനാണ് പദ്ധതി. കണ്ണൂരിന് സമീപത്തെ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കാകും ആദ്യ ഘട്ട സർവീസ്. ടൂറിസ്റ്റുകളെ കൂടുതലായി പരിഗണിക്കുന്നതാവും സർവീസ് റൂട്ടുകൾ എന്ന് എയർ കേരള അധികൃതർ പറഞ്ഞു.
ഏറ്റവും ചുരുങ്ങിയ ചെലവിൽ വിമാനയാത്ര എന്ന ലക്ഷ്യവുമായാണ് എയർ കേരള എയർലൈൻസ് സർവീസിന് ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ 76 സീറ്റുകൾ ഉള്ള 3 എടിആർ വിമാനങ്ങളായിരിക്കും സർവീസ് നടത്തുക. പിന്നീട് സിംഗിൾ ഐയിൽ ജെറ്റുകൾ ഉപയോഗിച്ച് ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കും.