പ്രകാശ് കരാട്ടുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ടുണ്ട്. എ.കെ. ശശീന്ദ്രന്‍ തന്നെ മന്ത്രി ആകണം എന്ന് സിപിഎമ്മിന് ഒരു നിര്‍ബന്ധവും ഇല്ല.
എന്‍സിപിയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട അനാവശ്യ ചര്‍ച്ചകള്‍ പാര്‍ട്ടി അണികളില്‍ അസംതൃപ്തിയും ആശങ്കയും ഉളവാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. താന്‍ തന്നെ മന്ത്രി ആകണം എന്ന് സിപിഐഎമ്മിന് ഒരു നിര്‍ബന്ധവുമില്ല. എന്നാല്‍ തോമസ് കെ. തോമസിനെ മന്ത്രിയാക്കുന്നതില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ശശീന്ദ്രന്‍ തുറന്നടിച്ചു.
വിഷയം അവസാനിക്കാറായി എന്ന് കരുതുന്നു. പ്രകാശ് കരാട്ടുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ടുണ്ട്. എ.കെ. ശശീന്ദ്രന്‍ തന്നെ മന്ത്രി ആകണം എന്ന് സിപിഎമ്മിന് ഒരു നിര്‍ബന്ധവും ഇല്ല. എന്നാല്‍ തോമസ് കെ. തോമസിനെ മന്ത്രിയാക്കുന്നതില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. തോമസ് കെ. തോമസിന് അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചുകൊണ്ടേ ഇരിക്കാം. അദ്ദേഹം ആഗ്രഹം പറഞ്ഞിട്ടുള്ളത് പാര്‍ട്ടി നേതൃത്വത്തോട് ആണ്. അത് അദ്ദേഹത്തിന്റെ അവകാശമാണെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
തീരുമാനം ദേശീയ അധ്യക്ഷന്റേതാണ്. കേരളത്തില്‍ ഇടതുമുന്നണിയില്‍ ഒരു പ്രതിസന്ധി ഉണ്ടാക്കാത്തവിധമുള്ള തീരുമാനം എടുക്കാന്‍ ദേശീയ നേതൃത്വം തയ്യാറാകണം. അല്ലെങ്കില്‍ അത് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം, മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് മന്ത്രി ദേശീയ നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പിന്തുണ ഉറപ്പായതോടെയാണ് രാജിവെക്കില്ലെന്ന് ശശീന്ദ്രന്‍ തീരുമാനിച്ചതെന്നാണ് സൂചന.
മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ എ.കെ. ശശീന്ദ്രന് എന്‍സിപി സംസ്ഥാന നേതൃത്വം വ്യാഴാഴ്ച വരെയാണ് സമയം നല്‍കിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ശരദ് പവാറിനെ കണ്ട എന്‍സിപി എംഎല്‍എ തോമസ് കെ. തോമസ്, കൂടിക്കാഴ്ചയിലെ തന്റെ അതൃപ്തി അറിയിച്ചിരുന്നു. ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് നില്‍ക്കാതെ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് തോമസ് കെ. തോമസ്.
വിഷയത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തോമസ് കെ. തോമസ്. എന്‍സിപിയിലെ മന്ത്രിമാറ്റം സംബന്ധിച്ച് ശരദ് പവാര്‍ നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാനായിരുന്നു മറുപടി ലഭിച്ചത്. അതേസമയം മന്ത്രി സ്ഥാനം രാജിവെക്കാന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എ.കെ. ശശീന്ദ്രന്റെ പക്ഷം.