നാല് വിക്കറ്റ് നേടിയ ഹർഷല്‍ പട്ടേലാണ് ചെന്നൈയുടെ സ്കോർ 154ൽ ഒതുക്കിയത്
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയം. അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. 155 റൺസ് പിന്തുടർന്ന സൺറൈസേഴ്സ് എട്ട് പന്തുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു. നാല് വിക്കറ്റ് നേടിയ ഹർഷല്‍ പട്ടേലാണ് ചെന്നൈയുടെ സ്കോർ 154ൽ ഒതുക്കിയത്.
ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ചെന്നൈയുടേത് വളരെ മോശം തുടക്കമായിരുന്നു. ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ഷെയ്ഖ് റഷീദിനെ സൂപ്പർ കിംഗ്സിന് നഷ്ടമായി. മുഹമ്മദ് ഷമിയുടെ പന്തിൽ അഭിഷേക് ശർമ ക്യാച്ചെടുക്കുകയായിരുന്നു. അഞ്ചാം ഓവറിൽ (4.3) പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ഇഷാൻ കിഷൻ ക്യാച്ചെടുത്ത് ആയുഷ് മാത്രെയും പുറത്തായി. 19 പന്തിൽ 30 റൺസായിരുന്നു ആയുഷിന്‍റെ സമ്പാദ്യം. ആറ് ബൗണ്ടറികളാണ് താരം അടിച്ചത്. പത്ത് പന്തുകൾ നേരിട്ട സാം കൂറന് (9) കാര്യമായി എന്തെങ്കിലും ചെയ്യാൻ സാധിക്കും മുൻപ് ഹർഷൽ പട്ടേൽ പുറത്താക്കി. ചെന്നൈ നിരയിലെ 200 റൺസ് പിന്നിട്ട ഒരേയൊരു ബാറ്ററായ ശിവം ദുബെയ്ക്കും ഇന്ന് തിളങ്ങാനായില്ല. ഒൻപത് പന്തിൽ 12 റൺസാണ് താരം നേടിയത്. 25 പന്തിൽ 42 റൺസെടുത്ത ഡെവാൾഡ് ബ്രെവിസാണ് ചെന്നൈയുടെ സ്കോർ ഉയർത്തിയത്. ഒരു ഫോറും നാല് സിക്സും അടിച്ച ബ്രെവിസ് പട്ടേലിന്‍റെ പന്തിൽ കമിന്ദു മെൻഡിസിന്‍റെ മനോഹരമായ ക്യാച്ചിലാണ് പുറത്തായത്.
400-ാം ട്വന്റി ട്വന്റി മത്സരത്തിന് ഇറങ്ങിയ മഹേന്ദ്ര സിംഗ് ധോണി കാര്യമായ സ്കോർ കണ്ടെത്താതെയാണ് മടങ്ങിയത്. 10 പന്തുകൾ നേരിട്ട താരത്തിന് ആറ് റൺസ് മാത്രമാണ് നേടാനായത്. 17 ഓവറിൽ ടീം സ്കോർ 131ൽ നിൽക്കുമ്പോഴായിരുന്നു നായകന്‍റെ മടക്കം.
സൺറൈസേഴ്‌സ് ഹൈദരാബാദിനായി ഹർഷൽ പട്ടേൽ നാല് വിക്കറ്റെടുത്തു. സാം കൂറന്‍ (9), ഡെവാൾഡ് ബ്രെവിസ് (42), എം.എസ്. ധോണി (6), നൂർ അഹ്മദ് (2) എന്നിവരുടെ വിക്കറ്റുകളാണ് ഹർഷല്‍ എടുത്തത്. മുഹമ്മദ് ഷമി (1), പാറ്റ് കമ്മിൻസ് (2), ജയദേവ് ഉനദ്കട്ട് (2), കമിന്ദു മെൻഡിസ് (1) എന്നിവരാണ് വിക്കറ്റ് നേടിയ മറ്റ് താരങ്ങൾ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന് തുടക്കത്തിൽ പിഴച്ചു. ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ ഹൈദരാബാദിന് ഓപ്പണർ അഭിഷേക് ശർമയെ നഷ്ടമായി. ട്രാവിസ് ഹെഡ് ഇഷാൻ കിഷനൊപ്പം സ്കോർ ചലിപ്പിച്ചു തുടങ്ങിയെങ്കിലും ആറാം ഓവറിൽ ആ കൂട്ടുകെട്ട് തകർന്നു. 16 പന്തിൽ 19 റണ്‍സെടുത്ത എടുത്ത ഹെഡിനെ അൻഷുൽ കാംബോജാണ് പുറത്താക്കിയത്. 44 റൺസെടുത്ത ഇഷാൻ കിഷനാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ. പുറത്താകാതെ നിന്ന കമിന്ദു മെൻഡിസും നിതീഷ് കുമാർ റെഡ്ഡിയും ചേർന്നാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് എത്തിച്ചത്. ചെന്നൈയ്ക്കുവേണ്ടി നൂർ അഹ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ (1), ഖലീൽ അഹ്മദ് (1), അൻഷുൽ കാംബോജ് ()1 എന്നിവരാണ് വിക്കറ്റ് നേടിയ മറ്റ് താരങ്ങൾ.
ചെന്നൈയുടെ സീസണിലെ ഏഴാമത്തെ തോല്‍വിയാണിത്. ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ സണ്‍റൈസേഴ്സ് എട്ടാം സ്ഥാനത്തും ചെന്നൈ അവസാന സ്ഥാനക്കാരുമാണ്.