സംഘടനയുടെ ചരിത്രത്തില്‍ ആദ്യം
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങളില്‍ തകര്‍ന്ന് അഭിനേതാക്കളുടെ സംഘടന AMMA. പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ, പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെ AMMA എക്സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവച്ചു. ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തിയാണ് രാജിയെന്നാണ് സംഘടന പുറത്തുവിട്ട കത്തില്‍ പറയുന്നത്. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും. അതുവരെ നിലവിലുള്ള ഭരണസമിതി തത്കാലിക സംവിധാനമായി തുടരുമെന്നും സംഘടന അറിയിച്ചു. സംഘടനയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സംഘടനയില്‍ പൊട്ടിത്തെറി ആരംഭിക്കുന്നത്. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ എക്സിക്യൂട്ടീവ് അംഗങ്ങളില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ജനറല്‍ സെക്രട്ടറി സിദ്ദീഖും വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തലയും സംഘവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളെ തള്ളി വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് രംഗത്തെത്തിയിരുന്നു. യുവനടന്മാരും വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെ സംഘടന കൂടുതല്‍ പരുങ്ങലിലായിരുന്നു.
ഇതിനൊപ്പമാണ് നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ചില വെളിപ്പെടുത്തലുകള്‍ വരുന്നത്. ലൈംഗിക പീഡനം ഉള്‍പ്പെടെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ, സിദ്ദീഖ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ബാബുരാജിന് താല്‍ക്കാലിക ചുമതല കൈമാറിയെങ്കിലും, നടനെതിരെയും ആരോപണങ്ങള്‍ വന്നതോടെ സംഘടനാ പ്രവര്‍ത്തനം തന്നെ അവതാളത്തിലായി. ഇത്തരം വെളിപ്പെടുത്തലുകള്‍ ഉയര്‍ന്നതിനുശേഷം സംഘടനയുടെ ഭാഗത്തുനിന്നുള്ള അടിയന്തര നടപടികള്‍ വൈകുന്നുവെന്ന് ആരോപണങ്ങളുയര്‍ന്നു. സംഘടനയ്ക്ക് തെറ്റുപറ്റിയെന്ന് വിമർശിച്ച് നടൻ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്‌തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടിരുന്നു. സംഘടനാ തലപ്പത്തേക്ക് വനിതയെ കൊണ്ടുവരണമെന്ന് ഒരു വിഭാഗവും ജഗദീഷിനെ പരിഗണിക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യമുയര്‍ത്തി. അതിനിടെ, എക്സിക്യൂട്ടീവ് യോഗം ചേരുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് മാറ്റിവെച്ചിരുന്നു.
രാജി സംബന്ധിച്ച് സംഘടന പുറത്തുവിട്ട കത്തില്‍നിന്ന്
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.
നിലവിലുള്ള ഭരണസമിതി തത്കാലിക സംവിധാനമായി തുടരും.
ALSO READ : മുഖം രക്ഷിക്കാന്‍ AMMA; ജനറല്‍ സെക്രട്ടറിയായി നടി വേണമെന്ന് ആവശ്യം, ജഗദീഷിനായും വാദം