പ്രതികൾക്ക് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്
ക്ഷേത്ര ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യം
പഞ്ചാബിലെ അമൃത്സറിൽ ക്ഷേത്രത്തിനുനേരെ ഗ്രനേഡ് എറിഞ്ഞ രണ്ട് പ്രതികളിൽ ഒരാളെ പൊലീസ് വെടിവെച്ചുകൊലപ്പെടുത്തി. ഗുർസിദക് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പൊലീസും പ്രതികളുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഗുർസിദക് കൊല്ലപ്പെട്ടത്. ഇയാളുടെ കൂട്ടാളി വിശാൽ രക്ഷപ്പെട്ടു. പ്രതികൾ നടത്തിയ വെടിവെപ്പിൽ രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. പ്രതികൾക്ക് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
അധികൃതർ പറയുന്നത് പ്രകാരം, രാജസാൽസി മേഖലയിൽ പ്രതികളുണ്ടെന്ന വിവരം ലഭിച്ചിട്ടാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. മോട്ടോർ സൈക്കിളിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പൊലീസിന്റെ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം ഉപേക്ഷിച്ച് വെടിവെപ്പ് നടത്തുകയായിരുന്നു. വെടിവെപ്പിൽ ഹെഡ് കോൺസ്റ്റബിൾ ഗുർപ്രീത് സിംഗിനും ഇൻസ്പെക്ടർ അമോലക് സിംഗിനും പരിക്കേറ്റു. പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ വെടിവെപ്പിലാണ് ഗുർസിദക് സിംഗിന് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ പൊലീസുകാരെയും പ്രതിയേയും സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുർസിദക് സിംഗിന്റെ ജീവൻ രക്ഷിക്കാനായില്ല.
Also Read: നിയമസഭയിലെ വിവാദ 'പഹാഡി' പരമാർശം; ഉത്തരാഖണ്ഡ് ധനമന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു
അമൃത്സറിൽ ക്ഷേത്രത്തിനു നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ തകരുകയും ചുമരുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഖണ്ട്വാല പ്രദേശത്തെ താക്കൂർ ദ്വാര ക്ഷേത്രത്തിലാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേർ ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നു. ഇവർ ക്ഷേത്രത്തിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതും, ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
Also Read: ഇന്ത്യയോ പാകിസ്ഥാനോ? മികച്ച ക്രിക്കറ്റ് ടീം ഏതെന്ന ചോദ്യത്തിന് 'മോദി സ്റ്റൈല്‍' മറുപടി
വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. പുലർച്ചെ രണ്ട് മണിയോടെ ക്ഷേത്രത്തിലെ പൂജാരി പൊലീസിനെ വിളിച്ച് ആക്രമണത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിക്കാനായി സ്ഥലത്തെത്തി. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) ബന്ധമുണ്ടെന്നാണ് കമ്മീഷണറുടെ ആരോപണം.