കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ്
ഫെബിൻ, തേജസ് രാജ്
കൊല്ലം കടപ്പാക്കടയിലെ കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പകയെന്ന് സൂചന. അക്രമി തേജസ് രാജ്, കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫെബിന്റെ വീട്ടിലെത്തിയത് പെണ്‍കുട്ടിയെ കൊലപ്പെടുത്താനാണെന്നാണ് വിവരം. ഫെബിന്‍ റോഡില്‍ കുത്തേറ്റ് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. ഫെബിനെ കുത്തിയ നീണ്ടകര സ്വദേശി തേജസ് രാജ്(24) ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Also Read: കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
ഫെബിന്റേയും തേജസിന്റേയും കുടുംബാംഗങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നും വിവരമുണ്ട്. നേരത്തേയും തേജസ് രാജ് ഫെബിന്റെ വീട്ടിലെത്തിയിരുന്നു. കയ്യില്‍ പെട്രോളുമായിട്ടാണ് തേജസ് രാജ് ഫെബിന്റെ വീട്ടിലെത്തിയത്. ഫെബിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനും കുത്തേറ്റിട്ടുണ്ട്. ശേഷം പെട്രോള്‍ മുറിയിലൊഴിച്ചു. പുറത്തേക്കിറങ്ങിയ തേജസിന്റെ പിന്നാലെ കുത്തേറ്റ ഫെബിന്‍ ഓടിയെങ്കിലും റോഡില്‍ വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഫെബിനെ ആക്രമിച്ച ശേഷം കാറുമായി പോയ തേജസ് രാജ് ചെമ്മാന്‍ മുക്കില്‍ കാര്‍ ഉപേക്ഷിച്ചാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പോകുന്ന വഴിയില്‍ പല വാഹനങ്ങളേയും ഇടിച്ചതായും റിപ്പോര്‍ട്ടുണ്ട്.