2016ലാണ് ആഞ്ചലീന ബ്രാഡ് പിറ്റിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കേസ് നല്‍കിയത്.
എട്ടു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഹോളിവുഡിലെ താരദമ്പതികളായിരുന്ന ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും വിവാഹ മോചന കരാറിലെത്തി. ആഞ്ചലീനയുടെ അഭിഭാഷകനാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബ്രാഡ് പിറ്റിനൊപ്പം പങ്കുവെച്ചിരുന്ന എല്ലാ സ്വത്തു വകകളും ആഞ്ചലീനയും മക്കളും ഉപേക്ഷിച്ചുവെന്നും കുടുംബത്തിന്റെ സമാധാനത്തില്‍ മാത്രമാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.
'ആഞ്ചലീന ബ്രാഡ്പിറ്റില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടിട്ട് എട്ട് വര്‍ഷത്തിലേറെയായി. ബ്രാഡ് പിറ്റുമായി ഒരുമിച്ച് പങ്കുവെച്ചിരുന്ന എല്ലാ സ്വത്തുവകകളും ആഞ്ചലീനയും മക്കളും ഇതിനകം ഉപേക്ഷിച്ചിട്ടുണ്ട്. ഇനി കുടുംബത്തിന്റെ സമാധാനത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. എട്ട് വര്‍ഷം മുമ്പ് തുടങ്ങിയ ദൈര്‍ഘ്യമേറിയ ഒരു പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണ് ഇത്,' അഭിഭാഷകന്‍ ജെയിംസ് സൈമണ്‍ പറഞ്ഞു.
ALSO READ: 'പ്രായമാകും തോറും എനിക്ക് മികച്ച സിനിമകള്‍ ലഭിച്ചു'; ആഞ്ചലീന ജോളി
61 കാരനായ ബ്രാഡ്പിറ്റും 49 കാരിയായ ആഞ്ചലീന ജോളിയും എക്കാലവും ഹോളിവുഡിലെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന താരദമ്പതികളായിരുന്നു. ഇരുവര്‍ക്കുമായി ആറ് മക്കളുമുണ്ട്. ആഞ്ചലീന മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കുകയും മൂന്ന് കുട്ടികളെ ഇരുവരും ചേര്‍ന്ന് ദത്തെടുക്കുകയുമായിരുന്നു.
2016ലാണ് ആഞ്ചലീന വിവാഹ മോചനം ആവശ്യപ്പെട്ട് കേസ് നല്‍കിയത്. യൂറോപ്പില്‍ നിന്ന് മടങ്ങുന്നതിനിടെ ഫ്‌ളൈറ്റില്‍ നിന്ന് ബ്രാഡ് പിറ്റ് ആഞ്ചലീനയോടും മക്കളോടും മോശമായി പെരുമാറിയെന്നാണ് കേസ്. 2019ല്‍ തന്നെ ഇരുവർക്കും കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ അവകാശവും സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കവുമായിരുന്നു കേസ് നീണ്ടുപോകാന്‍ കാരണം.