ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കോൺഗ്രസ് നേതാക്കൾക്കാണ് ജാമ്യം അനുവദിച്ചത്
ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ
വയനാട് ഡിസിസി ട്രഷറർ എന്‍.എം വിജയൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം അനുവദിച്ചു. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, കോൺഗ്രസ് നേതാവ് കെ. കെ. ഗോപിനാഥൻ തുടങ്ങിയവർക്കാണ് കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ കൃത്യസമയത്ത് ഹാജരാകണം, സ്ഥലം വിട്ട് പോകരുത്, എന്നിവയാണ് പ്രധാനമായും കോടതി നിർദേശിച്ച ഉപാധികൾ. ഈ മാസം 15 വരെ ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. വിജയൻ്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മൂന്നു പേർക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത്.
ALSO READ: എൻ.എം. വിജയൻ്റെ ആത്മഹത്യ: മൂന്ന് വഞ്ചനാ കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
എൻ.എം. വിജയൻ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകൾ ഉണ്ടായിരുന്നു. ഫോൺ രേഖകൾ പ്രത്യേക അന്വേഷണസംഘം പരിശോധിച്ചതിനു ശേഷം നേതാക്കൾക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കന്മാർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്.
ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.