പി.വി. അൻവറിൻ്റെ നിലപാടുകളും രീതികളും സിപിഎം സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് പി. ശശിക്കെതിരായ ആരോപണങ്ങളിൽ രേഖാമൂലം പരാതി നൽകുമെന്ന് എംഎല്‍എ പറഞ്ഞത്
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരായ വെളിപ്പെടുത്തലുകളിൽ പി.വി. അൻവർ എംഎൽഎ ഇന്ന് പരാതി നൽകും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കത്ത് നൽകുക. പി/ ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന എം.വി. ഗോവിന്ദന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് നീക്കം. അതേസമയം എസ്.പി സുജിത് ദാസിനെതിരെ നൽകിയ പരാതിയിൽ ഇന്ന് പി.വി അൻവറിന്‍റെ മൊഴി രേഖപ്പെടുത്തും.
പി.വി. അൻവറിൻ്റെ നിലപാടുകളും രീതികളും സിപിഎം സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് പി. ശശിക്കെതിരായ ആരോപണങ്ങളിൽ രേഖാമൂലം പരാതി നൽകുമെന്ന് എംഎല്‍എ പറഞ്ഞത്. പി ശശിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയാലും അന്വേഷിക്കുക പി. ശശിയുടെ നിയന്ത്രണത്തിലുള്ള പൊലീസാകുമെന്നും അതിനാൽ പരാതിയിൽ നടപടിയുണ്ടാകില്ലെന്നും പി വി അൻവർ പറഞ്ഞു.
പൊലീസിനെതിരെ പരാതി അറിയിക്കാൻ 8304855901 എന്ന തന്‍റെ വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടാമെന്നും പി.വി. അൻവർ പറഞ്ഞു. മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ശക്തമാക്കിയിരിക്കുകയാണ് അൻവർ. സിപിഐഎമ്മിന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയല്ലെന്നും പി.വി. അൻവർ വ്യക്തമാക്കി.
ALSO READ: പി. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണമില്ല; രാഷ്ട്രീയമായി യാതൊരു ആരോപണവും ഉയർന്നിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ
അതേസമയം, ഇതുവരെ ഉന്നയിച്ച ആരോപണങ്ങളിൽ പി.വി. അൻവറിന്‍റെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും. ഇതിനായി തെളിവുകളുമായി ഹാജരാകാൻ അന്‍വറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും അന്‍വർ നല്‍കിയ പരാതി പരിശോധിച്ചിരുന്നു. പരാതി ഗൗരവ സ്വഭാവമുള്ളതാണെന്നായിരുന്നു ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. അന്‍വറിന്‍റെ പരാതിയില്‍ ഭരണതലത്തിലുള്ള പരിശോധനയാണ് ഉണ്ടാകേണ്ടത് എന്നാണ് പാർട്ടി അഭിപ്രായമെന്നും എം.വി. ഗോവിന്ദന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പാർട്ടി അംഗമല്ലാത്തതിനാൽ അന്‍വറിനെ സംഘടനാ കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണങ്ങളില്‍ രാഷ്ട്രീയമായി ശശിയെക്കുറിച്ച് എന്തെങ്കിലും ഒരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ മറുപടി. ഇപ്പോൾ പരിശോധനയുടെ ആവശ്യമില്ല. ശശിക്കെതിരെ പരാതി എഴുതി തന്നാൽ പരിശോധിക്കുമെന്നും, പൊളിറ്റിക്കൽ സെക്രട്ടറി ഉത്തരവാദിത്തം നിർവഹിക്കുന്നില്ല എന്ന് പാർട്ടി കരുതുന്നില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.