അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലപരിധി ഒക്ടോബർ ഒന്നിനാണ് അവസാനിക്കുക
എഡിജിപി എം. ആർ. അജിത്കുമാറിനെതിരായ പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിലെ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ ഡിജിപിയുടെ തീരുമാനം. എഡിജിപിയുടെ മൊഴിയെടുപ്പ് പൂർത്തിയായതോടെയാണ് അന്വേഷണ റിപ്പോർട്ട് വേഗത്തിലാക്കാൻ ഡിജിപി തീരുമാനിച്ചത്. ഒക്ടോബർ ഒന്നിനകമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. എന്നാൽ ഇരുപതാം തീയതിക്ക് മുൻപായി റിപ്പോർട്ട് നൽകാനാണ് ഡിജിപിയുടെ ആലോചന.
പി.വി. അൻവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാവും നൽകുക. മലപ്പുറത്തെ സ്വർണ്ണക്കടത്ത്, മാമി തിരോധാനം, റിദാൻ വധം, തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്താൻ തുടങ്ങിയ പരാതികളിലെ ഡിജിപിയുടെ കണ്ടെത്തൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ഇതിൻറെ അടിസ്ഥാനത്തിൽ എം.ആർ. അജിത് കുമാറിനെതിരെ നടപടി വേണോ എന്ന് തീരുമാനിക്കും എന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
ALSO READ: പി.വി. അൻവർ എംഎൽഎയുടെ ആരോപണം; അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി
എന്നാൽ ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ചുള്ള അന്വേഷണം പൂർത്തിയായിട്ടില്ല. അത് ആദ്യ റിപ്പോർട്ടിന് ഒപ്പം ഉൾപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന സൂചനയാണ് ഡിജിപി നൽകുന്നത്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി കത്ത് നൽകിയിട്ടുണ്ട്. അതിൽ മുഖ്യമന്ത്രി ഉടൻ തീരുമാനമെടുക്കും. അൻവറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തിഹത്യ നടത്താനുള്ള നീക്കം ആണെന്നുമാണ് എം.ആർ. അജിത്കുമാറിന്റെ വാദം.