സീറ്റ് വിഭജനം സംബന്ധിച്ച എഎൻഐ വാർത്ത നിഷേധിച്ചാണ് കെജ്‍രിവാളിന്റെ എക്സ് പോസ്റ്റ്
വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്വതന്ത്രമായി മത്സരിക്കുമെന്നും, കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. എക്സ് പോസ്റ്റിലൂടെയാണ് കെജ്‌രിവാൾ നിലപാട് വ്യക്തമാക്കിയത്. “എഎപി ഈ തെരഞ്ഞെടുപ്പിനെ ഡൽഹിയിൽ സ്വന്തം ശക്തിയിൽ നേരിടും. കോൺഗ്രസുമായി ഒരു സഖ്യത്തിനും സാധ്യതയില്ല,” എന്നും അദ്ദേഹം എക്സിൽ കുറിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച എഎൻഐ വാർത്ത നിഷേധിച്ചാണ് കെജ്‍രിവാളിന്റെ എക്സ് പോസ്റ്റ്.
15 ഓളം സീറ്റുകളിൽ കോൺഗ്രസ് പാർട്ടിയും ഒന്ന്, രണ്ട് സീറ്റുകളിൽ ഇന്ത്യൻ സഖ്യത്തിലെ മറ്റ് അംഗങ്ങളും മത്സരിക്കുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ശേഷിക്കുന്ന സീറ്റുകളിൽ എഎപി മത്സരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിനൊപ്പമോ, ഇന്ത്യ മുന്നണിയിലെ മറ്റേതെങ്കിലും പാര്‍ട്ടിക്കൊപ്പമോ സഖ്യത്തിനില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും ഒന്നിച്ച് മത്സരിച്ചെങ്കിലും കനത്ത നിരാശയായിരുന്നു ഫലമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ALSO READ: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: 20 സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കി ആംആദ്മി പാർട്ടി
അതേസമയം, തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക കഴിഞ്ഞദിവസം എഎപി പുറത്തിറക്കിയിരുന്നു. 20 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. നിലവിൽ പട്‌പർഗഞ്ചിൽ നിന്നുള്ള എംഎൽഎയും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ജംഗ്‌പുരയിൽ നിന്നാകും ഇക്കുറി ജനവിധി തേടുക. അടുത്തിടെ പാർട്ടിയിൽ ചേർന്ന സിവിൽ സർവീസ് അധ്യാപകൻ അവധ് ഓജ, സിസോദിയയ്ക്ക് പകരം പട്‌പർഗഞ്ചിൽ നിന്ന് മത്സരിക്കും.
ബിജെപി വിട്ട് എഎപിയിൽ ചേർന്ന ജിതേന്ദ്രസിങ് ശംണ്ഡി, സുരീന്ദർപാൽ സിങ് ബിട്ടു എന്നിവരും പട്ടികയിലുണ്ട്. എഎപിയുടെ സിറ്റിങ് എംഎൽഎയും സ്പീക്കറുമായ രാം നിവാസ് ഗോയലിന് പകരം ജിതേന്ദ്രസിങും, എഎപിയുടെ ചീഫ് വിപ്പായ ദിലീപ് പാണ്ഡെക്ക് പകരം ബിട്ടുവും മത്സരിക്കും. നവംബർ 21 ന് 11 സ്ഥാനാർഥികളുടെ ആദ്യഘട്ട പത്രിക ആംആദ്മി പ്രഖ്യാപിച്ചിരുന്നു. 70 അംഗ നിയമസഭയിൽ 39 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കൂടി പിന്നീട് പ്രഖ്യാപിക്കും.