ധോലായ്, സിഡ്‌ലി, ബോംഗൈഗാവ്, സമാഗുരി എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്
അസമിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ അടുത്തമാസം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ധോലായ്, സിഡ്‌ലി, ബോംഗൈഗാവ്, സമാഗുരി എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. നിലവിലെ ജനപ്രതിനിധികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെയാണ് ധോലായ് (എസ്‌സി), സിഡ്‌ലി (എസ്‌ടി), ബോംഗൈഗാവ്, ബെഹാലി, സമഗുരി എന്നീ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അടുത്ത മാസമാണ് ഈ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അഞ്ച് സീറ്റുകളിൽ സമഗുരി മാത്രമാണ് മുമ്പ് കോൺഗ്രസിനുണ്ടായിരുന്നത്. കോൺഗ്രസ് നേതാവ് റാക്കിബുൾ ഹുസൈനാണ് അന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് വിജയിച്ചത്. അദ്ദേഹത്തിന്റെ മകൻ തൻസിലിനെയാണ് നിലവിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ധോലായിൽ ധ്രുബജ്യോതി പുരകായസ്ഥ, സിഡ്‌ലിക്ക് സഞ്ജിബ് വാർലെ, ബോംഗൈഗാവ് സീറ്റിലേക്ക് ബ്രജെൻജിത് സിൻഹ എന്നിവരെയും എഐസിസി പ്രഖ്യാപിച്ചു.
സംയുക്ത പ്രതിപക്ഷ സഖ്യത്തിനായി കോൺഗ്രസ് വിട്ടുകൊടുത്ത ബെഹാലി സീറ്റിൽ സിപിഐ സ്ഥാനാർഥിയായ ബിബേക് ദാസിനെയാണ് നാമനിർദേശം ചെയ്തത്. അതേസമയം, ബെഹാലിയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഈ തീരുമാനത്തെ എതിർത്തിരുന്നു. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ സംസ്ഥാന നേതൃത്വം കേന്ദ്രകമ്മിറ്റിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് സീറ്റ് സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.
ALSO READ: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിമാരെ ഗോദയിലിറക്കാൻ ബിജെപി; സ്ഥാനാർഥി പട്ടിക പുറത്ത്
അതേസമയം, ധോലായിൽ നിഹാർ രഞ്ജൻ ദാസ്, സമാഗുരിയിൽ ദിപ്ലു രഞ്ജൻ ശർമ, ബെഹാലിയിൽ ദിഗന്ത ഘടോവർ എന്നിങ്ങനെ മൂന്ന് സ്ഥാനാർഥികളെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷികളായ എജിപി ബോംഗൈഗാവും, യുപിപിഎൽ സിഡ്‌ലിയിലും മത്സരിക്കും. എന്നാൽ സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചിട്ടില്ല. നവംബർ 13 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.