കുഞ്ഞു നിധി കൊച്ചിയിലെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിൽ സുരക്ഷിതയായിരിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കറ്റ് വിൻസന്റ് ജോസഫ് പറഞ്ഞു
ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ ഉപേക്ഷിച്ച കുഞ്ഞിനെ സ്നേഹത്തോടെ ചേർത്തു പിടിക്കുകയാണ് കേരളം. മൂന്നാഴ്ച പ്രായമായ പെണ്‍കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലെ ചികിത്സക്കു ശേഷം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. മന്ത്രി വീണാ ജോര്‍ജ്ജ് നിധി എന്ന് പേരിട്ട കുഞ്ഞിനെ യാത്രയാക്കാൻ നിരവധി പേരാണ് ആശുപത്രി പരിസരത്ത് ഒത്തുകൂടിയത്.
അച്ഛനമ്മമാർ സ്വകാര്യ ആശുപത്രി ഐസിയുവിൽ കുഞ്ഞിനെ ഉപേക്ഷിച്ച് പോയ വാർത്ത വേദനയോടെയാണ് നാം കേട്ടത്. വിവരമറിഞ്ഞ മന്ത്രി വീണാ ജോർജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാൻ നിർദേശം നൽകി. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിചരണം നൽകി. കുഞ്ഞിന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷഹീർഷയുടെ അഭ്യർത്ഥനപ്രകാരം മന്ത്രി വീണാ ജോർജ് പേരിട്ടു. ഉപേക്ഷിക്കപ്പെട്ടവളല്ല എന്ന തോന്നൽ പോലും ഉണ്ടാകാത്ത പേര് നിധി.
ALSO READ: വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു
പീഡിയാട്രിക് വിഭാഗം മേധാവി ഡോ. കെ.എസ്. വിനീതയുടെയും സ്‌പെഷ്യൽ ഓഫീസർ ഡോ. വി. വിജിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്. കുറഞ്ഞ കാലം കൊണ്ട് അത്രമേൽ അവൾ അവർക്ക് പ്രിയപ്പെട്ടതായി. ആരോഗ്യം വീണ്ടെടുത്ത കുഞ്ഞു നിധി കൊച്ചിയിലെ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിൽ സുരക്ഷിതയായിരിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കറ്റ് വിൻസന്റ് ജോസഫ് പറഞ്ഞു.
ഒരിക്കൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ തിരിച്ചുവന്നാലും അവരുടെ സാമൂഹിക സാമ്പത്തിക ശേഷി പരിശോധിച്ചതിനുശേഷം മാത്രമേ കുഞ്ഞിനെ തിരികെ നൽകൂ എന്നാണ് ശിശുക്ഷേമ സമിതിയുടെ നിലപാട്.