ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് അപ്പീല്‍
വയനാട് മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയില്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് അപ്പീല്‍. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ആവശ്യം.
ഏപ്രിൽ 11നാണ് വയനാട് മാതൃകാ ടൗൺഷിപ്പിന് ഏറ്റെടുക്കുന്ന എൽസ്റ്റൺ ടീ എസ്റ്റേറ്റ് ഭൂമിക്ക് 17 കോടി കൂടി കെട്ടിവെയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. നേരത്തെ കെട്ടിവെച്ച 26 കോടിക്ക് പുറമെ 17 കോടി കൂടി കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാണ് കോടതി നിർദേശം. 78.73 ഹെക്ടർ ഭൂമിക്ക് 549 കോടി മൂല്യമുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് എൽസ്റ്റൺ ടീ എസ്റ്റേറ്റ് നൽകിയ ഹർജി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. ഇതിന് പിന്നാലെ പുനരധിവാസ ടൗൺഷിപ്പ് നിർമാണത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് സർക്കാർ ബോർഡ് എസ്റ്റേറ്റിൽ സ്ഥാപിക്കുകയും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.
പിന്നാലെ, എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് ടൗൺഷിപ്പ് നിർമാണ സ്ഥലത്ത് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത സമരം ആരംഭിച്ചിരുന്നു. മുഴുവൻ കുടിശികയും നൽകണമെന്ന് ആവശ്യപ്പെട്ട തൊഴിലാളികള്‍ ടൗൺഷിപ്പിന് എതിരല്ലെന്ന് വ്യക്തമാക്കി. സിഐടിയു, ഐഎന്‍ടിയുസി എന്നിങ്ങനെ എല്ലാ തൊഴിലാളി സംഘടനകളും സംയുക്തമായാണ് സമരത്തിലുള്ളത്.226 തൊഴിലാളികളാണ് എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ പുല്‍പ്പാറ ഡിവിഷനിലുള്ളത്. ഇവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പിഎഫും ഗ്രാറ്റുവിറ്റിയും അടക്കം 11 കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടെന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ പറയുന്നത്.