സമീപത്തെ പുള്ളുണ്ണി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നേതാക്കൾ തെറി വിളിച്ചും തമ്മിലടിച്ചും സംഘർഷമുണ്ടായത്
കൊല്ലത്ത് നടുറോഡിൽ സിപിഐഎം പ്രാദേശിക നേതാക്കളുടെ തമ്മിലടിയുടെ ദൃശ്യങ്ങൾ പുറത്ത്. ഇളമാട് ഇടത്തറപ്പണയിലാണ് നേതാക്കൾ തമ്മിലടിച്ചത്. സമീപത്തെ പുള്ളുണ്ണി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നേതാക്കൾ തെറി വിളിച്ചും തമ്മിലടിച്ചും സംഘർഷമുണ്ടായത്.
ലോക്കൽ കമ്മിറ്റി ഭാരവാഹി നിതീഷും ബ്രാഞ്ച് സെക്രട്ടറി രജീവും തമ്മിലുള്ള തർക്കമാണ് സംഘർഷത്തിലേക്കെത്തിയത്. ക്ഷേത്ര ഉപദോശ സമിതി പ്രസിഡൻ്റ് കൂടിയാണ് നിതീഷ്. ക്ഷേത്ര ഉത്സവത്തിൻ്റെ ഘോഷയാത്രയായി കൊണ്ടുവന്ന പ്ലോട്ട് ഇടത്തറ പണയിൽ വെച്ച് ഒരു വിഭാഗം തടഞ്ഞിരുന്നു. തുടർന്ന് ഇരുവരും വാക്കേറ്റമുണ്ടാകുകയും, പിറ്റേന്ന് റോഡിൽ വച്ച് തമ്മിലടിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിൽ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിയെടുത്തു. നിതീഷിനെയും രജീവിനെയും പാർട്ടി ചുമതലകളിൽ നിന്ന് മാറ്റിനിർത്തി.
പിന്നാലെ, പാർട്ടി നടപടിക്കെതിരെ നിതീഷ് സമൂഹമാധ്യമത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. തുടർന്ന് അകാരണമായി പാർട്ടി നടപടിയെടുത്തു എന്ന് ആരോപിച്ച്, നടപടി അംഗീകരിക്കാതെ ഇളമാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി വിശദീകരണ യോഗം വിളിച്ചു. വിശദീകരണ യോഗത്തിന് പൊലീസ് അനുമതി നൽകിയില്ല. സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് പ്രാദേശിക നേതാക്കളുടെ തമ്മിലടി.