തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ സ്കോറാക്കി മാറ്റാനാകാതെ രോഹിത് അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായത്.
ഐപിഎൽ സീസണിൽ ദുരന്തമായ രോഹിത് ശർമയെ ട്രോളി ഇന്ത്യയുടെ മുൻ ഇതിഹാസ താരം വീരേന്ദർ സെവാഗ്. ഐപിഎല്ലിലെ ആദ്യ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 56 റൺസ് മാത്രം നേടിയാണ് മുംബൈ ഇന്ത്യൻസിൻ്റെ മുൻ നായകൻ ആറാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാനെത്തിയത്.
മത്സരത്തിൽ 16 പന്തിൽ നിന്ന് 26 റൺസ് മാത്രമെടുത്ത രോഹിത്തിനെ ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് പുറത്താക്കിയിരുന്നു. മൂന്ന് സിക്സർ പറത്തി പവർ പ്ലേയിൽ റൺറേറ്റ് ഉയർത്താൻ ശ്രമിക്കവെയാണ് രോഹിത്തിനെ ഒരു സ്ലോ ബോളിൽ കമ്മിൻസ് കുരുക്കിയത്. കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഹെഡിന് ക്യാച്ച് സമ്മാനിച്ചാണ് ഹിറ്റ്മാൻ മടങ്ങിയത്. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ സ്കോറാക്കി മാറ്റാനാകാതെ രോഹിത് അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുന്നത്.
ഐപിഎല്ലിൻ്റെ 18ാം സീസണിൽ ഫോം കണ്ടെത്താനാകാത്ത രോഹിത്തിനെ കണക്കിന് വിമർശിക്കുകയാണ് മുൻ താരങ്ങളും കമൻ്റേറ്റർമാരും. രോഹിത് ശർമ താരത്തിൻ്റെ മഹിമ നശിപ്പിക്കരുതെന്നാണ് വീരേന്ദർ സെവാഗിൻ്റെ വിമർശനം. ഐപിഎല്ലിൽ ഒരു സീസണിൽ മാത്രമെ രോഹിത്തിന് നാനൂറിന് മുകളിൽ സ്കോർ നേടാനായിട്ടുള്ളൂവെന്നും ഐപിഎല്ലിൽ നിന്ന് വിരമിക്കാൻ സമയമായെന്നും വീരു ഓർമിപ്പിച്ചു.
"കഴിഞ്ഞ 10 വർഷത്തെ രോഹിത്തിൻ്റെ ഐപിഎൽ കരിയർ ശ്രദ്ധിച്ചാൽ ഒരിക്കൽ മാത്രമേ അദ്ദേഹം 400ന് മുകളിൽ സ്കോർ ചെയ്തുള്ളൂവെന്ന് മനസിലാക്കാം. ഒരു സീസണിൽ 500-700 റൺസ് സ്കോർ ചെയ്യാൻ ആഗ്രഹിക്കുന്ന താരമല്ല രോഹിത്. അദ്ദേഹം അങ്ങനെ ചിന്തിച്ചാൽ അതിന് സാധിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യൻ നായകനായപ്പോഴും പവർ പ്ലേയിൽ പരമാവധി സ്കോർ ചെയ്യുകയായിരുന്നു രോഹിത്തിൻ്റെ പ്ലാൻ. എല്ലാ ത്യാഗവും ഒറ്റയ്ക്ക് നിർവഹിക്കുന്നതാണ് രോഹിത്തിൻ്റെ ശൈലി. എന്നാൽ അവസാനം വരുമ്പോൾ തിളങ്ങാനാകുന്നില്ലെന്ന് രോഹിത് തിരിച്ചറിയേണ്ടതുണ്ട്," സെവാഗ് രൂക്ഷവിമർശനം നടത്തി.
ALSO READ: സൂപ്പർ ഓവറിലെ തോൽവിക്ക് പിന്നാലെ പരിക്കിനെ കുറിച്ച് പ്രതികരിച്ച് സഞ്ജു സാംസൺ
"രോഹിത് വിരമിക്കേണ്ട സമയമായിട്ടുണ്ട്. അതിന് മുന്നോടിയായി കാണികൾക്ക് അദ്ദേഹം നൽകേണ്ട ചില കാര്യങ്ങളുണ്ട്. അല്ലാതെ ഇയാളെ എന്തുകൊണ്ട് ഒഴിവാക്കുന്നില്ലെന്ന് ആരാധകരെ കൊണ്ട് പറയിപ്പിക്കരുത്. ചുരുങ്ങിയത് ഒരു 10 പന്തുകളെങ്കിലും അധികം ബാറ്റ് ചെയ്യാൻ ശ്രമിക്കൂ, നിങ്ങൾക്ക് മെച്ചപ്പെടാൻ അവസരം നൽകൂ. ബാക്ക് ഓഫ് ലെങ്ത്തായി എറിയുന്ന ലൂസ് ബോളുകളിൽ പുൾ ഷോട്ടിന് ശ്രമിച്ച് പലതവണയായി രോഹിത് പുറത്താകുന്നു. ഒരിന്നിങ്സിലെങ്കിലും പുൾ ഷോട്ട് കളിക്കില്ലെന്ന് രോഹിത് തീരുമാനിക്കണം. പക്ഷേ അയാളോട് ആരാണ് ഇത് വിശദീകരിക്കുക? നോർമൽ ക്രിക്കറ്റ് കളിക്കണമെന്ന് രോഹിത്തിനോട് പറയാൻ ആരെങ്കിലും അവിടെ വേണം. ഞാൻ കളിക്കുന്ന കാലത്ത് സച്ചിൻ, ദ്രാവിഡ്, ഗാംഗുലി എന്നിവർ എപ്പോഴും നോർമൽ ക്രിക്കറ്റ് കളിക്കണമെന്ന് ഉപദേശിച്ചിരുന്നു," സെവാഗ് ഓർത്തെടുത്തു.