ഐപിഎൽ മത്സരങ്ങൾ നടക്കുന്ന ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ ഗുണമേന്മ സംരക്ഷിക്കാനാണ് ബിസിസിഐ ആദ്യമായി ഇത്തരത്തിലൊരു നീക്കം കൊണ്ടുവന്നത്.
ഈ ഐപിഎൽ സീസൺ മുതൽ ടീമുകളുടെ പരിശീലനത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ. പരമാവധി ഏഴ് സെഷനുകളിലായി മാത്രമെ ടീമുകൾക്ക് ഗ്രൗണ്ടുകളിൽ പരിശീലനം നടത്താനാകൂ. ഐപിഎൽ മത്സരങ്ങൾ നടക്കുന്ന ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ ഗുണമേന്മ സംരക്ഷിക്കാനാണ് ബിസിസിഐ ആദ്യമായി ഇത്തരത്തിലൊരു നീക്കം കൊണ്ടുവന്നത്.
രണ്ട് സന്നാഹ മത്സരങ്ങളോ സെൻ്റർ വിക്കറ്റ് പരിശീലന സെഷനുകളോ മാത്രമേ പാടുള്ളൂവെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഫ്രാഞ്ചൈസികൾക്ക് നൽകിയ ഒരു കത്തിലൂടെയാണ് ബിസിസിഐ പുതിയ നിയമങ്ങൾ വ്യക്തമായി വിശദീകരിച്ചിട്ടുള്ളത്. ഗ്രൗണ്ടുകൾ പ്രാദേശിക ഗെയിമുകൾ, ലെജൻഡ്സ് ലീഗുകൾ, സെലിബ്രിറ്റി ടൂർണമെൻ്റുകൾ എന്നിവയ്ക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ബിസിസിഐ നിർദേശിച്ചു. ലീഗിനായി ഗ്രൗണ്ടും പിച്ചും മികച്ച അവസ്ഥയിലായിരിക്കണം എന്നാണ് ബിസിസിഐ ഉദ്ദേശിക്കുന്നതെന്നും ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.
"സീസണിലെ ആദ്യ മത്സരത്തിന് മുമ്പും, സ്റ്റേഡിയം കരാറിൽ പറഞ്ഞിരിക്കുന്നത് പോലെയും, ടീമുകൾക്ക് ഫ്ലഡ്‌ലൈറ്റുകൾക്ക് കീഴിൽ മൂന്ന് മണിക്കൂർ വരെ ദൈർഘ്യമുള്ള ഏഴ് പരിശീലന സെഷനുകൾ നടത്താം. അതിൽ രണ്ടെണ്ണം ടീം തീരുമാനിക്കുന്ന പരിശീലന മത്സരങ്ങളോ, ഓപ്പൺ നെറ്റ്‌സ് പ്രാക്ടീസോ ആകാം. പ്രധാന സ്‌ക്വയറിൻ്റെ ഒരു സൈഡ് വിക്കറ്റിലാണ് പരിശീലന മത്സരങ്ങൾ നടക്കുക. ഒരു ടീം ലൈറ്റുകൾക്ക് കീഴിൽ പരിശീലന മത്സരം കളിക്കുകയാണെങ്കിൽ മത്സരത്തിൻ്റെ ദൈർഘ്യം മൂന്നര മണിക്കൂറിൽ കൂടരുത്. പ്രവർത്തന നിയമങ്ങൾ അനുസരിച്ച് പരിശീലന മത്സരങ്ങൾക്ക് ബിസിസിഐയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്," ബിസിസിഐ കുറിപ്പിൽ പറയുന്നു.
"ഐപിഎൽ ഫ്രാഞ്ചൈസിയുടെ സീസണിലെ ആദ്യ ഹോം മത്സരത്തിന് മുമ്പുള്ള നാല് ദിവസങ്ങളിൽ പ്രധാന സ്ക്വയറിൽ പരിശീലന സെഷനുകളോ, പരിശീലന മത്സരങ്ങളോ നടത്താൻ പാടില്ല. എന്നിരുന്നാലും ഈ ദിവസങ്ങളിൽ റേഞ്ച് ഹിറ്റിംഗിനായി ഒരു ടീമിന് ഒരു വശത്തെ വിക്കറ്റ് വീതം നൽകും. മാർച്ച് 22ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് പുതിയ ഐപിഎൽ സീസൺ ആരംഭിക്കുന്നത്.