ഇന്നലെ വൈകീട്ട് നോമ്പുതുറ സമയത്തായിരുന്നു കക്കാട് സ്വദേശി ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത്
കോഴിക്കോട് ഈങ്ങാപ്പുഴ കക്കാടിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പ്രതി യാസിറിനെ മെഡിക്കൽ കോളേജ് ക്യാഷാലിറ്റിക്ക് സമീപത്ത് വച്ച് പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. താമരശേരി പൊലീസിനെ ഏൽപ്പിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
ഇന്നലെ വൈകീട്ട് നോമ്പുതുറ സമയത്തായിരുന്നു കക്കാട് സ്വദേശി ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ മാതാപിതാക്കളെയും ഇയാള്‍ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഭാര്യാപിതാവ് അബ്ദു റഹ്മാൻ, ഭാര്യാമാതാവ് ഹസീന എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അബ്ദു റഹ്മാനെയും ഹസീനയേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ALSO READ: കോഴിക്കോട് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി യാസിർ ഒളിവില്‍
നോമ്പ് തുറന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന സമയത്ത് വീട്ടിൽ കയറിവന്ന ഷിബിലയെയും മാതാപിതാക്കളെയും യാസിർ ആക്രമിക്കുകയായിരുന്നു. ഷിബിലയുടെ കൈയിലും വായിലും ഭക്ഷണമുണ്ടായിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏറെക്കാലമായി ഷിബിലയ്ക്കും യാസിറിനും ഇടയിൽ കുടുംബവഴക്ക് നിലനിൽക്കുന്നുണ്ട്. താമരശേരി പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും, വിഷയം ഗൗരവതരമായി എടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
അതേസമയം, യാസിർ ബാലുശേരി എസ്സ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽ നിന്നും 2000 രൂപക്ക് പെട്രോൾ അടിച്ച് പണം നൽകാതെ കാറുമായി കടന്നു കളയുകയായിരുന്നു. പെട്രോൾ പമ്പിൽ എത്തിയ ഇയാളുടെ കൈയിൽ ചോരക്കറയും, കാറിന്റെ ഗ്ലാസ് പൊട്ടിയ നിലയിലും ആയിരുന്നു. ഇത് അപകടത്തിൽ സംഭവിച്ചതാണെന്ന് പമ്പിൽ ഉള്ളവരോട് യാസിർ പറഞ്ഞതായും ജീവനക്കാർ പൊലീസ് പറഞ്ഞു.മയക്കുമരുന്ന് ലഹരിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖിൻ്റെ ഉറ്റ സുഹൃത്താണ് യാസിർ.