കലാവാസന ഇല്ലാതാക്കുന്ന രീതിയിൽ നടപടി എടുക്കരുത്. വേടന്റെ സാമൂഹിക പശ്ചാത്തലം പരിഗണിക്കണമെന്നും ഗീവർഗീസ് കൂറിലോസ് പറഞ്ഞു.
റാപ്പർ വേടനെ പിന്തുണച്ച സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. വേടൻ ആയാലും വിനായകൻ ആയാലും മോഹൻലാൽ ആയാലും മമ്മൂട്ടി ആയാലും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും ലഹരി ഉപയോഗിച്ചാൽ നിയമനടപടി ഉണ്ടാകണമെന്നും ശിക്ഷ കിട്ടണമെന്നുമാണ് തൻ്റെ നിലപാടെന്ന് ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
"എന്നാൽ, ജാതിയുടെ എല്ലാ ഘടനകളെയും വെല്ലുവിളിച്ച് പോരാടി ഉയരങ്ങളിൽ എത്തിയ ആളാണ് വേടൻ. കഠിനാധ്വാനത്തിലൂടെയും പ്രതിഭയിലൂടെയും നേടിയെടുത്ത സ്ഥാനം പെട്ടെന്ന് നശിപ്പിക്കാൻ അനുവദിക്കരുത്. കലാവാസന ഇല്ലാതാക്കുന്ന രീതിയിൽ നടപടി എടുക്കരുത്. വേടന്റെ സാമൂഹിക പശ്ചാത്തലം പരിഗണിക്കണം," ഗീവർഗീസ് കൂറിലോസ് പറഞ്ഞു.
"വേടൻ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു. സാമൂഹിക സാംസ്കാരിക വിപ്ലവത്തിന്റെ പാട്ടുകളാണ് വേടൻ പാടിയിട്ടുള്ളത്. അത് മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കണം. അത് നമ്മൾ ആവേശത്തോടെ ഏറ്റെടുക്കേണ്ട രാഷ്ട്രീയമാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കും. ഇടത് വലത് മുന്നണികൾ തള്ളിക്കളഞ്ഞ അംബേദ്കറൈറ്റ് രാഷ്ട്രീയമാണ് വേടന്റേത്. തന്റേതും ആ രാഷ്ട്രീയമാണ്," ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി.
ALSO READ: പുലിപ്പല്ല് കേസ്: വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയിൽ