35 പന്തിൽ നിന്ന് സെഞ്ച്വറി നേടി ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ച്വറിയെന്ന യൂസഫ് പത്താൻ്റെ റെക്കോർഡാണ് 14കാരൻ പയ്യൻ തകർത്തത്.
തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ 35 പന്തിൽ സെഞ്ച്വറിയടിച്ച് വൈഭവ് സൂര്യവൻഷി ചരിത്രം രചിച്ചിരുന്നു. ഐപിഎൽ കരിയറിലെ ആദ്യ പന്തിൽ തന്നെ ഗുജറാത്തിൻ്റെ ഫാസ്റ്റ് ബൗളർ ഷാർദുൽ താക്കൂറിനെ സിക്‌സറിന് പറത്തി വൈഭവ് എല്ലാവരെയും അമ്പരപ്പിച്ചു. 35 പന്തിൽ നിന്ന് സെഞ്ച്വറി നേടി ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ച്വറിയെന്ന യൂസഫ് പത്താൻ്റെ റെക്കോർഡാണ് 14കാരൻ പയ്യൻ തകർത്തത്.
തൻ്റെ അപ്രതീക്ഷിത വളർച്ചയിൽ മാതാപിതാക്കളായ അച്ഛൻ സഞ്ജിവിനും അമ്മ ആരതിക്കും നന്ദിയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വൈഭവ്. തൻ്റെ കരിയറിനായി സുഖ സൗകര്യങ്ങളെല്ലാം ത്യജിച്ചവരാണ് മാതാപിതാക്കളെന്ന് രാജസ്ഥാൻ ഓപ്പണർ പറഞ്ഞു. ചെറുപ്രായത്തിലേ ഈ നേട്ടം കൈവരിച്ചതിന് പിന്നിൽ മാതാപിതാക്കളാണെന്നാണ് വൈഭവ് പറയുന്നത്.
തൻ്റെ പരിശീലന ഷെഡ്യൂളിന്റെ പേരിൽ അമ്മ രാത്രി 11 മണിക്ക് ഉറങ്ങാൻ പോയാലും പുലർച്ചെ രണ്ടു മണിക്ക് എഴുന്നേൽക്കുകയും കഷ്ടിച്ച് മൂന്ന് മണിക്കൂർ മാത്രമേ ഉറങ്ങിയിരുന്നുള്ളൂവെന്നും വൈഭവ് ഓർത്തെടുത്തു. കുടുംബം ഏറെ പ്രയാസത്തോടെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ കൂടിയും തന്നെ പിന്തുണയ്ക്കാനായി അച്ഛൻ ജോലി ഉപേക്ഷിച്ചെന്നും വൈഭവ് വെളിപ്പെടുത്തി. മൂത്ത സഹോദരൻ മാത്രമാണ് ജോലി ചെയ്യുന്നതെന്നും വൈഭവ് ഒരു അഭിമുഖത്തിൽ പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്നവർ തോറ്റുപോകില്ല, ഞാൻ എന്തായിരുന്നാലും അതിന് എൻ്റെ മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നുവെന്നും വൈഭവ് കൂട്ടിച്ചേർത്തു.
ALSO READ: "അതിയായ സന്തോഷം"; വണ്ടർ പ്രകടനത്തിൻ്റെ സീക്രട്ട് വെളിപ്പെടുത്തി വൈഭവ് സൂര്യവൻഷി
14 വയസ്സുളള വൈഭവ് സൂര്യവംശിയെ സംബന്ധിച്ചിടത്തോളം ആദ്യ പന്തിൽ തന്നെ സിക്സറുകൾ അടിക്കുന്നത് സാധാരണ കാര്യമായിരുന്നു. "ഞാൻ ഇന്ത്യയ്ക്ക് വേണ്ടി അണ്ടർ 19 കളിച്ചിട്ടുണ്ട്. ആഭ്യന്തര തലത്തിലും കളിച്ചിട്ടുണ്ട്, അവിടെയും ഞാൻ ആദ്യ പന്തിൽ സിക്സറുകൾ നേടിയിട്ടുണ്ട്. പന്ത് എൻ്റെ ശ്രദ്ധയിൽപ്പെട്ടാൽ ഞാൻ അത് അടിക്കുമെന്ന് എൻ്റെ മനസ്സിൽ വ്യക്തമായിരുന്നു," തിങ്കളാഴ്ച രാത്രി ഗുജറാത്ത് ടൈറ്റൻസിനെതിരായ വിജയത്തിന് ശേഷം. സൂര്യവംശി പറഞ്ഞു.
ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്ന വൈഭവ്, ദേശീയ ടീമിൽ ഇടം കണ്ടെത്തുന്നതിനായി പരമാവധി ശ്രമിക്കുമെന്നും വ്യക്തമാക്കി. ഈ നിമിഷത്തിനായി താൻ വളരെക്കാലമായി തയ്യാറെടുക്കുകയായിരുന്നു. ആഗ്രഹിച്ച രീതിയിൽ അത് നടന്നതിൽ സന്തോഷമുണ്ടെന്നും വൈഭവ് സൂര്യവൻഷി പറഞ്ഞു.