കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് അല്‍ ജസീറ റിപ്പോർട്ട് ചെയ്തു
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. ഹിസ്ബുള്ള കമാൻഡർ മഹ്മൂദ് വഹ്ബി ഉൾപ്പെടെ 16 അംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു. ആക്രമണത്തില്‍ 60-ലധികം പേർക്ക് പരുക്കേറ്റു.
വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ബെയ്റൂട്ടിലെ ദഹിയ ജില്ലയില്‍ രണ്ട് കെട്ടിടങ്ങള്‍ പൂർണമായി തകർന്നു. മരിച്ചവരില്‍ നാല്, ആറ്, 10 വയസുകളുള്ള മൂന്ന് കുട്ടികളും കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രി ഫിറാസ് അബിയാദ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയവർക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.
Also Read: ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡർ ഇബ്രാഹിം അഖീല്‍ കൊല്ലപ്പെട്ടു
ബെയ്റൂട്ടിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ പ്രവർത്തിക്കുന്ന ഹിസ്ബുള്ളയുടെ റിദ്വാന്‍ സേനയിലെ മുതിർന്ന അംഗങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ വിശദീകരണം. പുതിയ യുദ്ധമുഖത്തിൻ്റെ ഭാഗമാണിതെന്ന് ഇസ്രയേൽ പറഞ്ഞു. ആക്രമണത്തില്‍ കമാന്‍ഡർമാരായ ഇബ്രാഹിം അഖീല്‍, മഹ്മൂദ് വഹാബി എന്നിവർ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ജൂലൈയില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയിലെ മുതിർന്ന കമാന്‍ഡർ ഫൗദ് ഷുക്ർ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളിൽ ലെബനനില്‍ തുടർച്ചയായ സ്ഫോടന പരമ്പര അരങ്ങേറിയിരുന്നു. ആദ്യം പേജറുകളും പിന്നീട് വോക്കി ടോക്കികളുമാണ് പൊട്ടിത്തെറിച്ചത്. നിലവിൽ വോക്കി ടോക്കി അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 39 ആണ്. 3000ന് അടുത്ത് ആളുകള്‍ക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഇതിൽ 287 പേരുടെ നില ഗുരുതരമാണെന്നും ലെബനീസ് സർക്കാർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇസ്രയേലിന് പങ്കുണ്ടെന്നാണ് ഹിസ്ബുള്ള ആരോപിക്കുന്നത്.
Also Read: ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 13 കുട്ടികളുൾപ്പെടെ 22 മരണം
ലെബനനിലെ കൊലപാതകങ്ങള്‍ക്ക് മറുപടിയായി റാമത്ത് ഡേവിഡ് വ്യോമ താവളത്തിലേക്ക് ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചതായി ശനിയാഴ്ച വൈകി ഹിസ്ബുള്ള വ്യക്തമാക്കിയിരുന്നു. ഇതില്‍ പത്തോളം റോക്കറ്റുകള്‍ നിഷ്പ്രഭമാക്കിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. മാത്രമല്ല, ലെബനനിൽ നിന്നും വടക്കൻ ഇസ്രായേലിലേക്ക് 90 ഓളം റോക്കറ്റുകൾ തൊടുത്തുവിട്ടതായും 400ലധികം ലെബനീസ് റോക്കറ്റ് ലോഞ്ചറുകളെ ആക്രമിച്ചെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.