ഫ്രാൻസിസ് സ്പാനിഷ് കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടൈമിനെ ഡിപ്പാർട്ട്മെൻ്റിൻ്റെ "പ്രോ-പ്രീഫെക്റ്റ്" ആയും തിരഞ്ഞെടുത്തു
വത്തിക്കാനിൽ പ്രധാന ചുമതലയിൽ ആദ്യമായി വനിതയെ നിയമിച്ച പോപ് ഫ്രാൻസിസിന്‍റെ നടപടി ചർച്ചയാകുന്നു. 59 കാരിയായ ഇറ്റാലിയൻ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയാണ് വത്തിക്കാൻ ഓഫീസിൻ്റെ പ്രീഫെക്റ്റിൻ്റെ നേതൃസ്ഥാനം വഹിക്കുന്ന ആദ്യ വനിത. ലോകത്തെങ്ങും കത്തോലിക്കാ മതക്രമങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സുപ്രധാന സ്ഥാനത്താണ് ഇറ്റാലിയൻ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെ പോപ് ഫ്രാൻസിസ് നിയമിച്ചത്.
ഫ്രാൻസിസ് സ്പാനിഷ് കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടൈമിനെ ഡിപ്പാർട്ട്മെൻ്റിൻ്റെ "പ്രോ-പ്രീഫെക്റ്റ്" ആയും തിരഞ്ഞെടുത്തു. 2011 മുതൽ ഈ പദവിയിൽ തുടർന്നിരുന്ന ബ്രസീലിയൻ കർദ്ദിനാൾ ജോവോ ബ്രാസ് ഡി അവിസിന് പകരമാണ് സിമോണയുടെ നിയമനം. വിവിധ വകുപ്പുകളിൽ രണ്ടാം സ്ഥാനത്തു സ്ത്രീകളെ നിയമിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് വത്തിക്കാനിലെ ഉയർന്ന പദവിയിലേക്കു ഒരു വനിത എത്തുന്നത്.
ഇറ്റലിയിലെ മിലാനടുത്തുള്ള മോൻസയിലാണ് സിസ്റ്റർ ബ്രംബില്ല ജനിച്ചത്. കൊൺസൊലേറ്റ മിഷനറീസ് സന്യാസ വിഭാംഗമാണ് സിമോണ ബ്രാംബില്ല. മിഷനറി ആകുന്നതിന് മുമ്പ് സിമോണ ബ്രാംബില്ല പ്രൊഫഷണൽ നഴ്‌സായിരുന്നു, കൂടാതെ മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2011 മുതൽ 2023 വരെ സന്യാസസഭയുടെ സുപ്പീരിയറായിരുന്നു ബ്രാംബില്ല. 2023-ൽ സിസ്റ്റർ ബ്രാംബില്ല ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
2019-ന് മുമ്പ്, വത്തിക്കാൻ വകുപ്പിലെ എല്ലാ അംഗങ്ങളും പുരുഷന്മാരായിരുന്നു. സ്ത്രീകളുടെ അഭാവത്തെക്കുറിച്ച് ചില ബിഷപ്പുമാർ പരാതിപ്പെട്ടിരുന്നു. തുടർന്ന്, 2019-ൽ ഫ്രാൻസിസ് മാർപാപ്പ ഏഴ് സ്ത്രീകളെ ഡിപ്പാർട്ട്‌മെൻ്റിൽ അംഗങ്ങളായി നിയമിച്ചു. 2022-ൽ, റോമൻ ക്യൂറിയയെ പരിഷ്കരിച്ചുകൊണ്ട് അദ്ദേഹം ഒരു പുതിയ ഭരണഘടന പുറത്തിറക്കി. സ്ത്രീകൾക്കും പ്രിഫെക്റ്റ് ആകുന്നതിനു പുതിയ ഭരണഘടന വഴിയൊരുക്കി. ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണം ആരംഭിച്ചതു മുതൽ വത്തിക്കാനിൽ സ്ത്രീകളുടെ സാന്നിധ്യം വർധിച്ചതായി വാർത്തകളും റിപ്പോർട്ട് ചെയ്തിരുന്നു.