ഇനി ഒരു പ്ലാസ്റ്റിക് സർജറി കൂടി നടത്തുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം
ഇന്ന് പുലർച്ചെ അജ്ഞാതനായ അക്രമി കുത്തിപ്പരിക്കേൽപ്പിച്ച ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. പുലർച്ചെ 2.30 ഓടെ ആറു തവണ കുത്തേറ്റ നടനെ ഉടനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
രണ്ടു ആഴത്തിലുള്ള മുറിവുകളിൽ നട്ടെല്ലിനും സുഷുമ്നയോടും ചേർന്ന ഭാഗത്താണ് വലിയ മുറിവുള്ളത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് പിന്നാലെ സെയ്ഫിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഇനി ഒരു പ്ലാസ്റ്റിക് സർജറി കൂടി നടത്തുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
അതേസമയം, ബാന്ദ്രയിലെ അതീവ സുരക്ഷയുള്ള നടൻ്റെ വസതിയിൽ അക്രമി എങ്ങനെ കടന്നുവന്നുവെന്നത് ആശ്ചര്യമുണ്ടാക്കുന്ന വസ്തുതയാണ്. ആദ്യം വന്ന റിപ്പോർട്ടുകൾ പ്രകാരമുള്ള മോഷണ ശ്രമം അല്ല ആക്രമണത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. വീട്ടിനകത്തെത്താൻ അക്രമിയെ സഹായിച്ചവരെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ALSO READ: നടൻ സെയ്‌ഫ് അലി ഖാന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
പ്രതിയെ പിടികൂടാൻ പൊലീസ് നിരവധി സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ട്. മോഷ്ടാവുമായുള്ള ഏറ്റുമുട്ടലിൽ താരത്തിന് കുത്തേറ്റതാണെന്നാണ് കരുതുന്നത്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
“പുലർച്ചെ 3.30ന് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തിന് ആറ് പരിക്കുകളുണ്ട്. അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ന്യൂറോ സർജൻ നിതിൻ ഡാങ്കെ, കോസ്‌മെറ്റിക് സർജൻ ലീന ജെയിൻ, അനസ്‌തറ്റിസ്റ്റ് നിഷാ ഗാന്ധി എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്,” ലീലാവതി ആശുപത്രി സിഇഒ നിരജ് ഉത്തമാനി പറഞ്ഞു.